ലഹരിക്കെതിരെ സന്ധിയില്ലാ സമരം തുടരണം: മുഖ്യമന്ത്രി

Sunday 03 August 2025 12:00 AM IST

തിരുവനന്തപുരം: ലഹരിക്കെതിരെ പോരാട്ടം ശക്തമായി തുടരണമെന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളോട് മുഖ്യമന്ത്രി പിണറായി വിജയൻ. പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ 15ാം വാർഷിക ദിനാഘോഷ പരേഡിന് അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ കണ്ണും കാതുമാണ് എസ്.പി.സി കേഡറ്റുകൾ.

കേരളത്തിന്റെ പദ്ധതിയായ എസ്.പി.സി മറ്റ് സംസ്ഥാനങ്ങളും പിന്തുടരുന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്.പി.സിയുടെ ഇ-മാഗസിൻ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, പൊലീസ് ആസ്ഥാന എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച്. വെങ്കിടേഷ്, ഇന്റലിജൻസ് മേധാവി പി. വിജയൻ, തിരുവന്തപുരം റേഞ്ച് ഡി.ഐ.ജിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ട് സ്റ്റേറ്റ് നോഡൽ ഓഫീസറുമായ അജീത ബീഗം എന്നിവർ പങ്കെടുത്തു.