കാറുകളിൽ 123 കിലോ കഞ്ചാവുമായി സഹ.ബാങ്ക് വൈസ് പ്രസിഡന്റുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

Sunday 03 August 2025 12:09 AM IST

കാസർകോട്: മംഗളൂരുവിൽ രണ്ട് കാറുകളിലായി കടത്തുകയായിരുന്ന 123 കിലോ കഞ്ചാവുമായി കാസർകോട് അഡൂർ ബാങ്ക് വൈസ് പ്രസിഡന്റുൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു.അഡൂർ സർവീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റ് ഉരുഡൂരിലെ എം.കെ. മസൂദ്(45), ദേലംപാടി പരപ്പ സ്വദേശികളായ മുഹമ്മദ് ആഷിഖ്(24), സുബൈർ(30) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മൂന്നുപേരും മുസ്ലിംലീഗിന്റെ സജീവപ്രവർത്തകരാണ്.

രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് സിറ്റി ക്രൈംബ്രാഞ്ച് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ സഞ്ചരിച്ച കാറിൽ നിന്ന് 43 ലക്ഷം രൂപ വില വരുന്ന കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് ആന്ധ്രാപ്രദേശിൽ നിന്നും കടത്തിക്കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. കാറുകളും കഞ്ചാവും അഞ്ച് മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

മസൂദിന് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു.ഇക്കാര്യം ദേലമ്പാടി പഞ്ചായത്ത് യു.ഡി.എഫ് ലെയ്സൺ കമ്മിറ്റിയോഗത്തിൽ ചർച്ചയായതോടെ ഇയാളെ ബാങ്ക് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നു.