താത്കാലിക വി.സി നിയമനം റദ്ദാക്കില്ലെന്ന് ഗവർണർ, മുഖ്യമന്ത്രിക്ക് മറുപടിക്കത്ത് നൽകി
തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ താത്കാലിക വൈസ്ചാൻസലർമാരെ നിയമിച്ചത് റദ്ദാക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ഗവർണർ ആർ.വി. ആർലേക്കർ തള്ളി. സുപ്രീംകോടതി ഉത്തരവിന് അനുസൃതമായാണ് വി.സിമാരെ നിയമിച്ചതെന്നും ഇത് പുന:പരിശോധിക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഗവർണർ മറുപടിക്കത്ത് നൽകി.
നിയമനങ്ങൾ സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമല്ല, അന്ത:സത്തയ്ക്ക് വിരുദ്ധവുമല്ല. അതിനാൽ റദ്ദാക്കേണ്ട കാര്യമില്ലെന്നും നിയമനങ്ങൾ നിയമപ്രകാരമല്ലെന്നും റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നൽകിയ കത്തിനുള്ള മറുപടിയിൽ ഗവർണർ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ഉത്തരവിന്റെ അന്ത:സത്തയ്ക്കെതിരാണ് ഗവർണറുടെ നടപടിയെന്നും സർക്കാരിന്റെ പാനലിലുള്ളവരെ നിയമിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.
എന്നാൽ, സുപ്രീംകോടതി ഉത്തരവിൽ സർക്കാരിന്റെ പാനലിൽ നിന്ന് വി.സിയെ നിയമിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും നിലവിലെ വി.സിമാരെ പുനർനിയമിക്കാൻ ഗവർണറെ അധികാരപ്പെടുത്തിയിട്ടുണ്ട് എന്നുമാണ് ഗവർണറുടെ നിലപാട്. താത്കാലിക വി.സിമാരായി ഡോ.സിസാതോമസ് (ഡിജിറ്റൽ), ഡോ.കെ.ശിവപ്രസാദ് (സാങ്കേതികം) എന്നിവരെ വീണ്ടും നിയമിച്ചതായി 13ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഗവർണർ സുപ്രീംകോടതിയെ അറിയിക്കും. സർക്കാരും നിലപാട് അറിയിക്കും.
മുഖ്യമന്ത്രി ഗവർണറെ
വീണ്ടും കണ്ടേക്കും മന്ത്രിമാരായ പി.രാജീവിനും ആർ.ബിന്ദുവിനും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കണമെന്ന് മുഖ്യമന്ത്രി മറ്റൊരു കത്തും ഗവർണർക്ക് നൽകിയിരുന്നു. ഇന്ന് മന്ത്രിമാർക്ക് രാജ്ഭവനിലെത്തി കാണാമെന്ന് ഗവർണർ മറുപടിനൽകി. മന്ത്രിമാർക്കൊപ്പം മുഖ്യമന്ത്രിയും ഗവർണറെ കാണാനിടയുണ്ട്
വി.സി നിയമനങ്ങൾ റദ്ദാക്കണമെന്നും സർക്കാർ പാനലിൽനിന്ന് നിയമിക്കണമെന്നും ഗവർണർക്ക് കത്തു നൽകിയ ഉന്നതവിദ്യാഭ്യാസ അഡി.ചീഫ് സെക്രട്ടറി ഷർമ്മിള മേരി ജോസഫിനെ ഗവർണർ ഇന്നലെ രാജ്ഭവനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ, സർക്കാർ അനുമതി നൽകാത്തതിനാൽ അവർ പോയില്ല.
ആരിഫ് ഖാൻ തലസ്ഥാനത്ത്
ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ തലസ്ഥാനത്തെത്തി. കേരള ഗവർണറായിരിക്കെ സെക്യൂരിറ്റി ഇൻസ്പെക്ടറായിരുന്ന ഉദ്യോഗസ്ഥന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് എത്തിയത്. നിരവധി സ്വകാര്യ സന്ദർശനങ്ങളുമുണ്ട്. രാജ്ഭവനിൽ തങ്ങുന്ന അദ്ദേഹം നാളെ മടങ്ങും.
തർക്കം പരിഹരിക്കാൻ മന്ത്രിമാർ ഗവർണറെ കാണും:ബിന്ദു
തൃശൂർ: താത്കാലിക വൈസ് ചാൻസലർമാരെ നിയമിച്ചതിൽ സർക്കാരുമായുണ്ടായ തർക്കം പരിഹരിക്കാൻ മന്ത്രിമാർ ഇന്ന് ഗവർണറെ കാണുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പത്രസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി ആർ.ബിന്ദു, പി.രാജീവ് എന്നിവരാണ് രാവിലെ പത്തരയ്ക്ക് ഗവർണറെ കാണുക. ഹൈക്കോടതി, സുപ്രീംകോടതി വിധി മാനിക്കാതെ ഗവർണർ താത്കാലിക വി.സിമാരെ നിയമിച്ചതിനെ തുടർന്ന് നിയമനം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് കത്തുകൾ മുഖ്യമന്ത്രി ഗവർണർക്ക് നൽകിയിരുന്നു. സർവകലാശാലകളുടെയും വിദ്യാർത്ഥികളുടെയും ഗുണത്തെ മുൻനിർത്തി നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കോടതി വിധികളുടെ അന്ത:സത്ത ഉൾക്കൊള്ളണമെന്ന് ഗവർണറോട് ആവശ്യപ്പെടും. അതേസമയം, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ ഗവർണർ കൂടിക്കാഴ്ചയ്ക്ക് ഫോണിലൂടെ വിളിച്ചിട്ടുണ്ട്. പക്ഷേ മന്ത്രിമാർ ഗവർണറെ കാണാൻ പോകുന്നതിനാൽ സെക്രട്ടറിയോട് പോകേണ്ടെന്ന് നിർദ്ദേശിച്ചതായി ബിന്ദു പറഞ്ഞു. രേഖാമൂലം സെക്രട്ടറിയെ വിളിച്ചിട്ടില്ലെന്നും പറഞ്ഞു.
കേരള സർവകലാശാല: സിൻഡിക്കേറ്റ് റൂം പൂട്ടി വി.സി
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലും സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങളുമായുള്ള തർക്കം രൂക്ഷമായി. സിൻഡിക്കേറ്റ് റൂമിലേക്ക് സിൻഡിക്കേറ്റംഗങ്ങൾ വനിതാ ജീവനക്കാരെയടക്കം വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് സിൻഡിക്കേറ്റ് റൂം വി.സിയുടെ നിർദ്ദേശപ്രകാരം പൂട്ടി. റൂം സിൻഡിക്കേറ്റ് യോഗമുള്ളപ്പോൾ മാത്രം തുറന്നാൽ മതിയെന്നാണ് വി.സിയുടെ നിർദ്ദേശം. താക്കോൽ രജിസ്ട്രാറുടെ ചുമതലയുള്ള ഡോ.മിനി ഡിജോ കാപ്പന്റെ കൈവശത്തിലാക്കി.
അതേസമയം, റൂമിന്റെ താക്കോൽ കാണാതായെന്നും രേഖകൾ കടത്താനാണ് ശ്രമമെന്നും ഇടതു സിൻഡിക്കേറ്റംഗങ്ങൾ ആരോപിച്ചു. അതിനിടെ, സിൻഡിക്കേറ്റംഗങ്ങൾ ജീവനക്കാരെ വിളിപ്പിക്കുകയോ നിർദ്ദേശങ്ങൾ നൽകുകയോ ചെയ്താൽ അതിനോട് പ്രതികരിക്കേണ്ടതില്ലെന്ന് രജിസ്ട്രാറുടെ ചുമതലയുള്ള പ്ലാനിംഗ് ഡയറക്ടർ ഡോ. മിനി കാപ്പൻ ഉത്തരവിറക്കി. ഇത്തരം സംഭവങ്ങൾ ഉടൻ വൈസ്ചാൻസലറുടെ ശ്രദ്ധയിൽപെടുത്തണം.
വൈസ്ചാൻസലറുടെ അദ്ധ്യക്ഷതയിൽ സിൻഡിക്കേറ്റ് യോഗം ചേരുമ്പോൾ മാത്രമാണ് അംഗങ്ങൾക്ക് നിയമപ്രകാരമുള്ള അധികാരങ്ങളുള്ളത്. ഈ യോഗത്തിലല്ലാതെ സിൻഡിക്കേറ്റംഗങ്ങളുടെ നിർദ്ദേശങ്ങളും നടപടികളും നിയമപരമല്ല. ജീവനക്കാരെ വിളിച്ചുവരുത്താനോ നിർദ്ദേശം നൽകാനോ ഫയലുകൾ വിളിപ്പിക്കാനോ അധികാരമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.
സുപ്രീംകോടതി ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യുന്നെന്ന്
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല താത്കാലിക വി.സി നിയമനക്കേസിൽ സുപ്രീംകോടതി ഉത്തരവിനെ സർക്കാർ ദുർവ്യാഖ്യനം ചെയ്യുകയാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു. ഗവർണർക്ക് താത്പര്യമുണ്ടെങ്കിൽ ഡോ. സിസാ തോമസിനേയും ഡോ.ശിവപ്രസാദിനെയും വി.സിമാരായി തുടരാൻ അനുവദിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവിന്റെ പതിനാറാം ഖണ്ഡികയിൽ ചാൻസലർക്ക് പുതിയ ഒരാളെ നിയമിച്ചു കൊണ്ടോ അല്ലെങ്കിൽ നിലവിലുള്ളവരെ തുടരാൻ അനുവദിച്ചു കൊണ്ടോ ഉത്തരവിറക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവിന്റെ അവസാനവും ഇക്കാര്യമുണ്ട്. അതിനാൽ, നിലവിലുണ്ടായിരുന്ന വി.സിമാരെ വീണ്ടും നിയമിക്കുന്നതിന് യാതൊരു നിയമതടസവുമില്ല. സുപ്രീംകോടതി ഉത്തരവിനെ രാഷ്ട്രീയ കാരണങ്ങളാൽ തെറ്റായി വ്യാഖ്യാനിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ പറഞ്ഞു.