'കേരളത്തിന്റെ കഫീല്‍ ഖാന്‍', പോസ്റ്റിലെ അബദ്ധം തിരിച്ചറിയാതെ വി മുരളീധരന്‍; പിന്നാലെ കൂടി സൈബര്‍ പോരാളികള്‍

Saturday 02 August 2025 11:20 PM IST

ഡോക്ടര്‍ ഹാരിസ് ചിറയ്ക്കലിനെ കഫീല്‍ ഖാനുമായി ഉപമിച്ച് അബദ്ധത്തില്‍പ്പെട്ട് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍. പിണറായി വിജയന്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉദ്ദേശിച്ച് പങ്കുവച്ച പോസ്റ്റിലാണ് അബദ്ധം പറ്റിയത്. ഹാരിസ് ചിറയ്ക്കലിനെ കേരളത്തിന്റെ കഫീല്‍ ഖാനെന്നാണ് വി മുരളീധരന്‍ വിശേഷിപ്പിച്ചത്.

'കേരളത്തിലെ കഫീല്‍ ഖാനെ കള്ളക്കേസില്‍ ജയിലില്‍ അടയ്ക്കാനാണ് പിണറായിയുടെ നീക്കം. കേരള സ്റ്റോറിക്ക് പുരസ്‌കാരം ലഭിച്ചതില്‍ ആശങ്കപ്പെടുന്ന മുഖ്യമന്ത്രിക്ക് ഇത്രയേറെ മനുഷ്യരുടെ ജീവന്‍രക്ഷിച്ച ഡോക്ടറെക്കുറിച്ച് ഒരു കരുതലുമില്ലേ എന്നാണ് ചോദിക്കാനുള്ളത്' - വി മുരളീധരന്‍ ആദ്യം പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു.

യുപിയിലെ യോഗി സര്‍ക്കാര്‍ പുറത്താക്കിയ ഒരു ഡോക്ടറെ കേരളത്തിലെ ബിജെപി നേതാവ് പിന്തുണയ്ക്കുകയാണോ എന്നതരത്തിലുള്ള കമന്റുകളെത്തിയപ്പോഴാണ് മുരളീധരന് അബദ്ധം മനസ്സിലായത്.

നിരവധി ആളുകള്‍ പരിഹാസവുമായി എത്തിയതോടെയാണ് മുരളീധരന് അബദ്ധം മനസ്സിലായത്. തൊട്ട് പിന്നാലെ പോസ്റ്റ് തിരുത്തുകയും ചെയ്തു.

ഡോ.ഹാരിസ് ചിറയ്ക്കലിനെ കള്ളക്കേസില്‍ ജയിലില്‍ അടയ്ക്കാനാണ് പിണറായിയുടെ നീക്കം. കേരളാസ്റ്റോറിക്ക് പുരസ്‌കാരം ലഭിച്ചതില്‍ ആശങ്കപ്പെടുന്ന മുഖ്യമന്ത്രിക്ക് ഇത്രയേറെ മനുഷ്യരുടെ ജീവന്‍രക്ഷിച്ച ഡോക്ടറെക്കുറിച്ച് ഒരു കരുതലുമില്ലേ എന്നാണ് ചോദിക്കാനുള്ളത്. എന്നാണ് പിന്നീട് പോസ്റ്റ് തിരുത്തിയത്.