അവഗണന ചൂണ്ടിക്കാട്ടുമ്പോൾ മതവിദ്വേഷം പറഞ്ഞ് ആക്രമിക്കുന്നു : വെള്ളാപ്പള്ളി
ഹരിപ്പാട് : സമുദായം നേരിടുന്ന അവഗണനകളും ദുഃഖങ്ങളും തുറന്നുപറയുമ്പോൾ മതവിദ്വേഷത്തിന്റെ പേരുപറഞ്ഞ് തന്നെ ആക്രമിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം ചേപ്പാട് യൂണിയൻ ശാഖ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു സംസ്ഥാനത്തും നടക്കാത്ത സംഭവങ്ങളാണ് മലപ്പുറത്ത് നടന്നിട്ടുള്ളത്. സാധാരണ മുഖ്യമന്ത്രിമാരാണ് മന്ത്രിമാരുടെ വകുപ്പ് തീരുമാനിക്കുന്നത്. എന്നാൽ, ഉമ്മൻചാണ്ടിയുടെ കാലത്ത് മലപ്പുറത്ത് മന്ത്രിമാരെയും വകുപ്പും പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് അടിമപ്പെട്ട് നിന്നതല്ലാതെ ഒരക്ഷരം പറഞ്ഞില്ല. മലപ്പുറം കേന്ദ്രീകരിച്ച് സംസ്ഥാനം തന്നെ ഉണ്ടാക്കുമെന്ന് യൂത്ത് ലീഗ് പറഞ്ഞപ്പോൾ മതേതര ആളുകൾ ആരെങ്കിലും മിണ്ടിയോ? നാഴികയ്ക്ക് നാലുവട്ടം മതേതരത്വം പറയുന്ന മുസ്ലിംലീഗ്, മുസ്ലിംസമുദായത്തിന്റെ അവകാശങ്ങളും അധികാരങ്ങളും സംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്ന് സുപ്രീം കോടതിയിൽ വഖഫ് വിഷയത്തിൽ നൽകിയ സത്യവാങ്‌മൂലത്തിൽ പറഞ്ഞിട്ടുണ്ട്.
ഈഴവർക്ക് സംസ്ഥാനത്ത് ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അത്രയും എണ്ണം മലപ്പുറം ജില്ലയിൽ മാത്രം മുസ്ലിം സമുദായത്തിനുണ്ട്. കേരളം ഭരിക്കേണ്ടത് എങ്ങനെയെന്ന് മലപ്പുറത്തുനിന്ന് പറയേണ്ട. മിക്ക കോൺഗ്രസുകാരും മലപ്പുറത്തുകാരെ തൃപ്തിപ്പെടുത്താനാണ് തന്നെ എതിർക്കുന്നത്.തിരിച്ചറിവിന്റെ പാതയിലൂടെയാണ് ഇപ്പോൾ ഈഴവർ സഞ്ചരിക്കുന്നത്. ജനാധിപത്യത്തിലുള്ള പങ്കാളിത്തം ഓരോ വാർഡിലും കണക്കുപറഞ്ഞ് വാങ്ങിയെടുക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാവിശദീകരണവും ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാസന്ദേശവും നൽകി. യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ സ്വാഗതവും സെക്രട്ടറി എൻ.അശോകൻ നന്ദിയും പറഞ്ഞു.