വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ച് പുനലൂർ യൂണിയൻ

Sunday 03 August 2025 12:14 AM IST

പുനലൂർ: സാമൂഹിക സമത്വത്തിനുവേണ്ടി സമൂഹത്തിലെ അസമത്വങ്ങൾ തുറന്നുപറയുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പുനലൂർ യൂണിയൻ കൗൺസിൽ പൂർണ പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സമുദായത്തിന്റെ അവശതകളും സാമൂഹ്യനീതി നിഷേധവും സംവരണ അട്ടിമറി ശ്രമങ്ങളും ശക്തമായ ഭാഷയിൽ വെളിച്ചത്തു കൊണ്ടുവന്ന അദ്ദേഹത്തിന്റെ ശക്തമായ നിലപാടുകൾ ചരിത്രത്തിന്റെ ഭാഗമാണ്.

ഈഴവർ അടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് സന്ധിയില്ലാത്ത പോരാട്ടം നടത്തിയത് കൊണ്ടാണ് കേരളത്തിലെ മുഴുവൻ യൂണിയനുകളും ശാഖകളും അദ്ദേഹത്തിന്റെ നേതൃത്വത്തിന് പിന്നിൽ ശക്തി സ്രോതസായി നിലകൊള്ളുന്നത്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിൽ എത്തിക്കാനുള്ള എസ്.എൻ.ഡി.പി യോഗത്തിന്റെ ഏത് കർമ്മ പരിപാടികൾക്കും യൂണിയന്റെ പിന്തുണ ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. സമുദായത്തിന്റെ ജനസംഖ്യാനുപാതിക അവകാശങ്ങൾക്കും നീതി നിഷേധത്തിനെതിരെയും പോരാടാനുള്ള ഊർജ്ജം പകരുന്നതാണ് ജനറൽ സെക്രട്ടറിയുടെ നിലപാട്. നട്ടെല്ല് നിവർത്തി അഭിപ്രായം പറയുന്ന ജനറൽ സെക്രട്ടറി ഈഴവ സമൂഹത്തിന് അഭിമാനമാണെന്നും ഭാരവാഹികൾ അറിയിച്ചു.

യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ അദ്ധ്യക്ഷനായി. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ്, സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ.സതീഷ് കുമാർ, ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, അടുക്കളമൂല ബി.ശശിധരൻ, എൻ.സുന്ദരേശൻ എസ്.എബി, സന്തോഷ്.ജി.നാഥ്, ഡി.ബിനിൽകുമാർ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ഉദയകുമാരി ഉദയൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ജി.അനീഷ് കുമാർ, പ്രാർത്ഥനാ സമിതി പ്രസിഡന്റ് ലതിക സുദർശനൻ, സെക്രട്ടറി പ്രീത സജീവ് എന്നിവർ സംസാരിച്ചു.