മൂന്ന് കോടിയുടെ 'തേനൂറും തെന്മല', ഇരുട്ടിൽ ഇക്കോ ടൂറിസത്തിന് വൻ വരുമാന നഷ്ടം

Sunday 03 August 2025 12:15 AM IST
1. ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തിയിരുന്ന ആംഫി തീയറ്റർ 2. ലൈറ്റ് ആൻഡ് സൗണ്ട് ഷോയിൽ നിന്ന് .

പുനലൂർ: മൂന്ന് കോടി രൂപ മുടക്കി തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഒരുക്കിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഒന്നര മാസമായി നിറുത്തിവെച്ചതോടെ ടൂറിസം കേന്ദ്രത്തിന് വൻ വരുമാന നഷ്ടം. നിസാരമായ സാങ്കേതിക തകരാർ പരിഹരിച്ച് ഷോ പുനരാരംഭിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. തെന്മലയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ഈ ഷോ.

  • 2019-ലാണ് മൂന്ന് കോടി രൂപ ചെലവിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതി നടപ്പാക്കിയത്.
  • ഇക്കോ ടൂറിസം കേന്ദ്രം ആരംഭിച്ച കാലം മുതലുള്ള ആംഫി തിയേറ്ററിനെ നവീകരിച്ചാണ് ഇതിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റിയത്.
  • ആംഫി തിയേറ്ററിന്റെ വശങ്ങളിൽ ആന, കടുവ, കാട്ടുപോത്ത്, അണ്ണാൻ, വൃദ്ധൻ തുടങ്ങിയ ശിൽപ്പങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
  • തെന്മലയുടെയും സമീപ മലയോര നാടുകളുടെയും ചരിത്രവും ഐതിഹ്യങ്ങളും പ്രകൃതി ഭംഗിയുമൊക്കെ 20 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിലൂടെ ഗാനങ്ങളുടെയും വിവരണങ്ങളിലൂടെയും കാണികൾക്ക് പകർന്നു നൽകുന്നതാണ് ഈ ഷോ
  • വിവരണങ്ങൾക്കനുസരിച്ച് വിവിധ ദിശകളിൽ സ്ഥാപിച്ച ശിൽപ്പങ്ങൾ ഇരുട്ടിൽ പ്രത്യേക ദീപവിതാനങ്ങളിൽ തെളിഞ്ഞുവരുന്നതാണ് ഷോയുടെ പ്രധാന ആകർഷണം.
  • 'തേനൂലും തെന്മല, തെന്മല ദി ഹണി ഹിൽസ്' എന്ന ഈ ഷോ പ്രധാനമായും മലയാളത്തിലും ചില ദിവസങ്ങളിൽ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും അവതരിപ്പിച്ചിരുന്നു.

അധികൃതരുടെ അനാസ്ഥ

023-ൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ കരാർ നൽകിയിരുന്ന കമ്പനിയുമായുള്ള ധാരണ അവസാനിച്ച ശേഷം തെന്മല ഇക്കോ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (ടെപ്‌സ്) നേരിട്ടാണ് ഷോ നടത്തിവന്നത്. മ്യൂസിക്കൽ ഡാൻസിംഗ് ഫൗണ്ടൻ ഷോ കഴിഞ്ഞായിരുന്നു ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടന്നിരുന്നത്. എന്നാൽ, നിലവിൽ ചെറിയ സാങ്കേതിക തകരാർ കാരണം ജൂൺ പകുതി മുതൽ ഷോ പൂർണമായും നിലച്ചിരിക്കുകയാണ്.

ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ തകരാർ പരിഹരിക്കാൻ ഇക്കോ ടൂറിസം അധികൃതരോ, ടെപ്‌സ് ഡയറക്ടർ ബോർഡോ, ടൂറിസം വകുപ്പോ നടപടിയെടുക്കുന്നില്ല. കോടികൾ ചെലവിട്ട ഒരു സർക്കാർ പദ്ധതിയുടെ തുടർ പരിശോധനകളാണ് നടത്താത്തത്.