ഓപ്പൺ യൂണി. കോഴ്സുകൾക്ക് അംഗീകാരം

Sunday 03 August 2025 12:18 AM IST

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന കോഴ്സുകൾ അംഗീകരിച്ചുകൊണ്ട് കേരള സർവകലാശാലയുടെ ഉത്തരവിറങ്ങി. കഴിഞ്ഞ മാസം 31ന് ചേർന്ന കേരള സർവകലാശാല അക്കാഡമിക് കൗൺസിൽ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. റെഗുലർ മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും തുല്യമാണെന്ന് യു.ജി.സി ചട്ടമുണ്ട്. ശ്രീനാരായണഗുരു ഓപ്പൺ യൂണി. പോലുള്ള യു.ജി.സി അംഗീകരിച്ചിട്ടുള്ള വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന ഡിഗ്രികൾ മറ്റു സർവകലാശാലകളും സ്ഥാപനങ്ങളും അംഗീകരിക്കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവുണ്ട്. കേരള സ‌ർവകലാശാല ബി.എഡ് പ്രവേശത്തിന് ഓപ്പൺ സ‌‌ർവകലാശാലയുടെ പി.ജിക്ക് ഇക്വലൻസി ഇല്ലെന്ന പേരിൽ വെയിറ്റേജ് നിഷേധിച്ചിരുന്നു. ഇത് വിദ്യാർത്ഥികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചതോടെ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.വി.പി.ജഗതിരാജും അക്കാഡമിക് ആൻഡ് റിസർച്ച് കമ്മിറ്റി കൺവീനറും സിൻഡിക്കേറ്റ് അംഗവുമായ ഡോ.എം.ജയപ്രകാശും കേരള സർവകലാശാല വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിനെ നേരിൽ കണ്ടു. ഇതേ തുടർന്നാണ് അടിയന്തര അക്കാഡമിക് കൗൺസിൽ ചേർന്ന് ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സുകൾക്ക് അംഗീകാരം നൽകാൻ തീരുമാനിച്ചത്.