പത്തനംതിട്ട നഴ്സിംഗ് കോളേജ്, ബസ് എത്തി, ഇനി വേണ്ടത് ഐ.എൻ.സി അംഗീകാരം
പത്തനംതിട്ട : നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ ആവശ്യങ്ങളിലൊന്നായ ബസിന്റെ കാര്യത്തിൽ തീരുമാനമായി. അധികൃതർ നൽകിയ ഉറപ്പിനെ തുടർന്ന് നഴ്സിംഗ് കോളേജിനായി പുതിയ ബസ് എത്തി. രജിസ്ട്രേഷൻ നടപടി പൂർത്തിയായി ഒരാഴ്ചയ്ക്കുള്ളിൽ യാത്രയ്ക്ക് തയ്യാറാകും. പ്രാക്ടിക്കൽ ക്ലാസിനായി കോന്നി മെഡിക്കൽ കോളേജിലേക്കടക്കം സ്വന്തമായി പണം മുടക്കിയാണ് വിദ്യാർത്ഥികൾ പോയിവന്നിരുന്നത്. ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. നിരവധി തവണ വാഹനത്തിനായി ആവശ്യപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്ന് പ്രിൻസിപ്പൽ റൂമിന് പുറത്ത് കുട്ടികൾ ഉപരോധ സമരം നടത്തിയിരുന്നു. കഴിഞ്ഞ മാസം ജില്ലാ കളക്ടർക്കും വിദ്യാർത്ഥികൾ നിവേദനം നൽകിയിരുന്നു. 2023ൽ മാക്കാംകുന്നിലെ വാടകക്കെട്ടിടത്തിൽ തുടങ്ങിയ കോളേജിൽ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. കുട്ടികളുടെ രക്ഷിതാക്കളടക്കം സമരം നടത്തിയിരുന്നു.
വേണം, ഐ.എൻ.സി അംഗീകാരം?
പത്തനംതിട്ടയിലെ സർക്കാർ നഴ്‌സിംഗ് കോളജിൽ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ പരിശോധന നടന്നെങ്കിലും അംഗീകാരം ലഭിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. 2022ലാണ് പത്തനംതിട്ടയിൽ സർക്കാർ നഴ്‌സിംഗ് കോളേജ് തുടങ്ങിയത്. രണ്ടു വർഷവും കുട്ടികൾക്ക് പ്രവേശനം നൽകി. നിലവിൽ 118 കുട്ടികൾ ബിഎസ് സി നഴ്‌സിംഗ് പഠനം നടത്തുന്നുണ്ട്. കേരള ആരോഗ്യ സർവകലാശാലയുടെ താൽകാലിക അനുമതിയിലാണ് പഠനം. കുട്ടികളുടെ പരീക്ഷ നടത്തുന്നുണ്ടെങ്കിലും ഐ.എൻ.സി അംഗീകാരമില്ലാത്തതിനാൽ ഫലം പുറത്തുവിടാൻ സർവകലാശാലയ്ക്ക് കഴിയില്ല. സ്വകാര്യ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടത്തിലേക്ക് കോളേജ് മാറ്റി സ്ഥാപിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അത് അംഗീകരിച്ചാൽ ഐ.എൻ.സിയുടെ അംഗികാരം ലഭിച്ചേക്കും.