ഇട്ടിയപ്പാറയിൽ ഗതാഗതക്കുരുക്ക്
Sunday 03 August 2025 12:24 AM IST
റാന്നി : റാന്നി - ഇട്ടിയപ്പാറ ബൈപ്പാസിൽ ഗതാഗതക്കുരുക്ക് പതിവായി. അശാസ്ത്രീയമായ പാർക്കിംഗും മര്യാദയില്ലാത്ത ഡ്രൈവിംഗുമാണ് കുരുക്കിന് പ്രധാന കാരണം. പാർക്കിംഗ് നിരോധിത മേഖലയായിട്ടും റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ഗതാഗതത്തിന് തടസമുണ്ടാകുന്നുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെ വാഹനങ്ങൾ പാർക്കിംഗ് ഏരിയായിൽ നിന്ന് റോഡിലേക്ക് പ്രവേശിക്കുന്നതും ഗതാഗത തടസത്തിന് കാരണമാകുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു. കൂടുതൽ ട്രാഫിക് നിയമങ്ങൾ നടപ്പാക്കുകയും, പാർക്കിംഗിന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കുകയും ചെയ്താൽ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാൻ സാധിക്കും.