ധർമ്മസ്ഥല വെളിപ്പെടുത്തൽ എസ്.ഐ.ടി ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്ന് പരാതി
മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി
ധർമ്മസ്ഥല (കർണാടക): നൂറോളം മൃതദേഹങ്ങൾ ധർമ്മസ്ഥലയിൽ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തിയ മുൻ ശുചീകരണത്തൊഴിലാളിയെ തെരച്ചിലിന് നേതൃത്വം നൽകുന്ന എസ്.ഐ.ടി സംഘത്തിലെ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായി പരാതി. തെരച്ചിൽ അഞ്ചാംദിനം പിന്നിട്ട സാഹചര്യത്തിലാണ് ഗുരുതര ആരോപണം. മൊഴിയെടുക്കാനെന്ന വ്യാജേന സാക്ഷിയെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥൻ മഞ്ജുനാഥ ഗൗഡ പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചെന്ന് ആക്ഷൻ കമ്മിറ്റിയുടെ അഭിഭാഷകൻ പറയുന്നു. ഇതുസംബന്ധിച്ച് കർണാടക മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എസ്.ഐ.ടി മേധാവി പ്രണവ് മൊഹന്തിക്കും പരാതി നൽകി. സാക്ഷിയെ ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിച്ചു. ഉദ്യോഗസ്ഥനെ ഉടനെ അന്വേഷണസംഘത്തിൽ നിന്ന് മാറ്റണം. ഇനിയുള്ള തെരച്ചിലിൽ വീഡിയോ റെക്കാഡിംഗ് വേണമെന്നും പരാതിയിൽ പറയുന്നു. ക്ളീൻ ഇമേജുള്ള 20 ഉദ്യോഗസ്ഥരെയാണ് എസ്.ഐ.ടി യിൽ നിയോഗിച്ചതെന്നാണ് കർണാടക സർക്കാർ അറിയിച്ചിരുന്നത്. തെരച്ചിലിൽ ഇതുവരെ 25 അസ്ഥികളാണ് കണ്ടെടുത്തത്.
'കേസിൽ കുടുക്കും"
നേത്രാവതി പുഴയോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പരിശോധന നടക്കാനിരിക്കെ രാത്രിയിൽ മുറിയിലേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഒരിക്കലും പുറത്തുവരാത്ത രീതിയിൽ കേസിൽ കുടുക്കി ജയിലിലാക്കുമെന്ന് പറഞ്ഞു. ആറാമത്തെ പോയിന്റിൽ നിന്ന് കിട്ടിയ തലയോട്ടി അവിടെ നിങ്ങൾ കൊണ്ടുവച്ചതാണെന്ന് പറയണമെന്നും പറഞ്ഞു.
മാദ്ധ്യമ വിലക്ക് നീക്കി
ധർമ്മസ്ഥല സംഭവം റിപ്പോർട്ട് ചെയ്യുന്നതിന് കീഴ്ക്കോടതി ഏർപ്പെടുത്തിയ വിലക്ക് കർണാടക ഹൈക്കോടതി റദ്ദാക്കി. ജനങ്ങൾക്ക് അറിയാനുള്ള അവകാശം തടയാൻ കഴിയില്ലെന്നും മാദ്ധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.