ആഗ്രഹം സാധിക്കാന്‍ പണം കണ്ടെത്തി ഭാര്യ, തീയതി അടുത്തപ്പോള്‍ വീട് വിട്ട് മുങ്ങി ഭര്‍ത്താവ്

Sunday 03 August 2025 12:26 AM IST

കൊച്ചി: മുറിച്ചുണ്ട് മാറ്റാനുള്ള ശസ്ത്രക്രിയ പേടിയില്‍ വീടുവിട്ട ഭര്‍ത്താവിനെ കണ്ടെത്താന്‍ പൊലീസിനെ സമീപിച്ചപ്പോള്‍ ഒഡീഷ സ്വദേശിനി ഗുന്‍ജ പല്ലക്കിയ പ്രതീക്ഷിച്ചത് ആട്ടിയോടിക്കുമെന്നായിരുന്നു. എന്നാല്‍ എളമക്കര പൊലീസ് ഗുന്‍ജയെ ചേര്‍ത്തുനിറുത്തി. അന്വേഷണത്തിന്റെ അഞ്ചാംദിവസം ഭര്‍ത്താവിനെ കണ്ടെത്തി. ഗുന്‍ജയും പൊലീസും ഹാപ്പി. പക്ഷേ ഭര്‍ത്താവ് ചിരംജീബ് ബോലാക്കിയയെ (31) ഇപ്പോഴും കിടുകിടാ വിറപ്പിക്കുകയാണ് ശസ്ത്രക്രിയാ പേടി.

ഒഡീഷ സ്വദേശികളായ ദമ്പതികളാണ് ചിരംജീബും ഗുന്‍ജയും. ഏതാനും വര്‍ഷങ്ങളായി ഇവര്‍ പോണേക്കര മാക്കാപ്പറമ്പിലാണ് വാടകയ്ക്ക് താമസിക്കുന്നത്. കൂലിപ്പണിക്കാരനാണ് ചിരംജീബ്. ഗുന്‍ജയ്ക്ക് അമൃത ആശുപത്രിയില്‍ ശുചീകരണ വിഭാഗത്തില്‍ ജോലിയുണ്ട്. ജന്മനാ മുറിച്ചുണ്ടുള്ളയാളാണ് ചിരംജീബ്. വായ് പൂര്‍ണമായും തുറക്കാനാകില്ല. ഭക്ഷണം കഴിക്കാന്‍പോലും ബുദ്ധിമുട്ടാണ്. ഇത് ഗുന്‍ജയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഭര്‍ത്താവ് മറ്റുള്ളവരെപ്പോലെ വായ് തുറന്ന് സംസാരിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഇവര്‍ ആഗ്രഹിച്ചു.

ശസ്ത്രക്രിയയിലൂടെ പ്രശ്നം അനായാസം പരിഹരിക്കാമെന്ന് ഗുന്‍ജ അറിഞ്ഞത് അടുത്തിടെയാണ്. ശമ്പളത്തിന്റെ ഒരുഭാഗം മാറ്റിവച്ചാണ് പണം കണ്ടെത്തിയത്. ശസ്ത്രക്രിയ അടുക്കാറായപ്പോള്‍ ഭയന്നുവിറച്ച് ചിരംജീബ് വീടുവിടുകയായിരുന്നു.

എളമക്കര എസ്.എച്ച്.ഒ കെ.ബി. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.ഐ അഫ്സല്‍, സി.പി.ഒമാരായ സുധീഷ്, സ്റ്റീവ് എന്നിവര്‍ അന്വേഷണം തുടങ്ങിയപ്പോള്‍

ചിരംജീബിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നത് പാരയായി. മാസ്‌ക് ധരിച്ചിച്ചുള്ള ഇയാളുടെ യാത്രകളും തിരിച്ചടിയായി. ഇന്നലെ ഫോണ്‍ ഓണായതോടെ കാര്യങ്ങള്‍ എളുപ്പമായി. അമൃത ആശുപത്രിക്ക് സമീപത്തുനിന്ന് ചിരംജീബിനെ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കി ഭാര്യയ്‌ക്കൊപ്പം വിട്ടു.