മൂന്ന് ദിവസം മഴ തിമിർക്കും; ആഗസ്റ്റിൽ പെരുമഴക്കാലം

Sunday 03 August 2025 12:41 AM IST

മലപ്പുറം: തെക്കൻ തമിഴ്‌നാടിനും മന്നാർ കടലിടുക്കിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ ജില്ലയിൽ അടുത്ത നാല് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും യെല്ലോ അലേർട്ടും തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും ഓറഞ്ച് അലേർട്ടും പ്രവചിച്ചിട്ടുണ്ട്. ആഗസ്റ്റിൽ മഴ കനക്കുന്ന പ്രവണത ഇത്തവണയും ആവർത്തിച്ചേക്കും എന്നാണ് മഴ മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത്. 2018ലെ ആദ്യ പ്രളയകാലം മുതൽ ഈ സാഹചര്യമാണ് ജില്ലയിൽ നിലനിൽക്കുന്നത്. ജൂണിൽ മഴ ലഭിച്ചപ്പോൾ ജൂലായിൽ മഴ കുറഞ്ഞു. ഇതോടെ മൺസൂൺ രണ്ട് മാസം പിന്നിട്ടിട്ടും ജില്ല മഴക്കുറവിലാണ്. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മലപ്പുറം. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് രണ്ട് വരെ 1,318.6 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 1041.8 മില്ലീമീറ്ററാണ്. മഴയിൽ 21 ശതമാനത്തിന്റെ കുറവുണ്ട്. സംസ്ഥാനത്ത് വയനാട് - 40, ഇടുക്കി - 30, മലപ്പുറം - 21 ശതമാനം എന്നിങ്ങനെയാണ് മഴക്കുറവ്. മറ്റ് ജില്ലകളിൽ എല്ലാം സാധാരണ തോതിലുള്ള മഴ ലഭിച്ചിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മാനദണ്ഡപ്രകാരം 19 ശതമാനത്തിന് മുകളിൽ ആണെങ്കിലേ മഴക്കുറവായി പരിഗണിക്കൂ.

വെതർ സ്റ്റേഷൻ- ലഭിച്ച മഴ (മില്ലീമീറ്ററിൽ)

പൊന്നാനി - 0

നിലമ്പൂർ - 2.1

മഞ്ചേരി - 0

അങ്ങാടിപ്പുറം - 4.2

പെരിന്തൽമണ്ണ - 0

കരിപ്പൂർ - 0.6

ജില്ല: ലഭിച്ചത് :പ്രതീക്ഷിച്ചത് : ശതമാനം

(മില്ലീമീറ്ററിൽ)

തിരുവനന്തപുരം : 514.4 : 525.3 : -2

കൊല്ലം: 795.4: 791 : 1

ആലപ്പുഴ: 1076.4: 1058.6 : 2

പത്തനംതിട്ട: 1094.8 : 1011.2 : 8

ഇടുക്കി: 1137.9 : 1619.7: -30

കോട്ടയം: 1076.4 : 1236.9 : 1

എറണാകുളം: 1281.5 : 1401: -9 തൃശൂർ: 1368.3 : 1425: -4

പാലക്കാട്: 951.7: 1023.1: -7

മലപ്പുറം: 1041.8: 1318.6 : -21

കോഴിക്കോട്: 1516.8 : 1798.3 : -16

വയനാട്: 995 : 1663.3: -40

കണ്ണൂർ: 2135.4 : 1838.7 : 16

കാസർകോട്: 824.8 : 941: 12