റോളർ സ്‌കേറ്റിംഗ് മത്സരം അനധികൃതം

Sunday 03 August 2025 12:52 AM IST

കൊല്ലം: ജില്ലയിൽ വിവിധയിടങ്ങളിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തുന്ന അംഗീകാരമില്ലാത്ത റോളർ സ്‌കേറ്റിംഗ് മത്സരങ്ങളിൽ സ്‌കേറ്റിംഗ് താരങ്ങൾ പങ്കെടുക്കരുതെന്ന് ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ. അസോസിയേഷൻ അംഗീകൃത പരിശീലകരും മത്സര ഒഫീഷ്യൽസ് ആണെന്നും തെറ്റിദ്ധരിപ്പിച്ച് അമിത പണപ്പിരിവ് നടത്തിയാണ് വ്യക്തികൾ അനധികൃതമായി ചാമ്പ്യൻഷിപ്പുകൾ നടത്തുന്നത്. ജില്ലാ സ്പോർട്സ് കൗൺസിലിന്റെയോ ജില്ലാ സംസ്ഥാന റോളർ സ്‌കേറ്റിംഗ് അസോസിയേഷന്റെയോ അനുമതിയില്ലാതെയുള്ള മത്സരങ്ങൾക്കെതിരെയും പങ്കെടുക്കുന്ന റോളർ സ്‌കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ രജിസ്റ്റേർഡ് സ്‌കേറ്റർമാർക്കെതിരെയും കർശന നടപടി സ്വീകരിക്കും. ചിറ്റുമലയിൽ നടത്തുന്ന റോളർ സ്‌കേറ്റിംഗ് മത്സരത്തിന് ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷനുമായി ബന്ധമില്ലെന്നും കെ.ഡി.ആർ.എസ്.എ ഭാരവാഹികൾ അറിയിച്ചു.