ശുഭ്മാൻ ഗില്ലിന്റെ മാസ്റ്റർപ്ലാൻ, സാക്ക് ക്രാളിയെ അമ്പരപ്പിച്ച സിറാജിന്റെ ബൗളിംഗ് തന്ത്രം
ലണ്ടൻ: ഓവലിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മൂന്നാം ദിവസം തീരുമ്പോൾ അവസാന പന്തിൽ മുഹമ്മദ് സിറാജിന്റെ തന്ത്രപരമായ ബൗളിംഗിലൂടെയാണ് സാക്ക് ക്രാളിയെ പുറത്താക്കിയത്. ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു ക്രാളിയുടെ മടക്കം. മൂന്നാം ദിവസം അവസാന പന്ത് ഷോർട്ട് പിച്ച് ഡെലിവറിക്ക് പാകത്തിനുള്ളതായിരുന്നു ഗില്ലിന്റെ ഫീൽഡിംഗ് ക്രമീകരണം. എന്നാൽ സിറാജ് എറിഞ്ഞതാകട്ടെ യോർക്കറും. ഇതോടെ ക്രാളി ക്ളീൻ ബൗൾഡ് ആകുകയായിരുന്നു.
നാലാം ദിവസം കളി നിർത്തുന്നതിന് മുമ്പ് വിക്കറ്ര് നേടണമെന്ന് ഗിൽ ആഗ്രഹിച്ചിരുന്നു. ഇതിന് സിറാജിന്റെ സഹായത്തോടെ ഒരു മാസ്റ്റർ പ്ലാൻ ആസൂത്രണം ചെയ്യുകയായിരുന്നു ഇന്ത്യൻ നായകൻ. സിറാജ് അടുത്തതായി ഒരു ബൗൺസർ എറിയുമെന്നാണ് ക്രാളിയെ തെറ്റിദ്ധരിപ്പിച്ചത്. എന്നാൽ വേഗത കുറഞ്ഞ യോർക്കർ ബൗൾ എറിഞ്ഞ് ക്രാളിയെ അമ്പരപ്പിക്കുകയായിരുന്നു. ഇതോടെ ഇംഗ്ളണ്ടിന്റെ ആദ്യ വിക്കറ്റ് വീണു.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 2-2 സമനില നേടാൻ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റുകൾ കൂടി ആവശ്യമാണ്. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം അവശേഷിക്കുന്ന 324 റൺസ് രണ്ട് ദിവസം കൊണ്ട് നേടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ മത്സരത്തിൽ ആതിഥേയരുടെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇല്ല എന്നതും ഇന്ത്യക്ക് ആശ്വാസകരമാണ്. 374 റൺസാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം.
13.5 ഓവറിൽ 50/1 എന്ന നിലയിലാണ് നിലവിൽ ഇംഗ്ളണ്ട്. യശസ്വി ജയ്‌സ്വാളിന്റെ 118 റൺസും നൈറ്റ് വാച്ച്മാനായി എത്തിയ ആകാശ് ദീപിന്റെയും ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ അർദ്ധസെഞ്ച്വറികളും രണ്ടാം ഇന്നിംഗ്‌സിൽ 396 എന്ന മികച്ച സ്കാേറിൽ എത്താൻ ഇന്ത്യയെ സഹായിച്ചു.