'ഹിന്ദുക്കളുടെ വീട്ടിൽ കയറിയാൽ കാൽവെട്ടും'; വയനാട്ടിൽ പാസ്റ്ററെ ഭീഷണിപ്പെടുത്തി ബജ്‌റംഗ്‌ദൾ പ്രവർത്തകർ

Sunday 03 August 2025 12:33 PM IST

കൽപ്പറ്റ: വയനാട്ടിൽ ബജ്‌രംഗ്‌ദൾ പ്രവർത്തകർ പാസ്റ്ററുടെ വാഹനം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ സുൽത്താൻബത്തേരി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കലാപാഹ്വാനം, സംഘം ചേർന്ന് ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഏപ്രിലിലാണ് കേസിനാസ്‌പദമായ സംഭവം നടന്നതെന്നാണ് വിവരം. വെക്കേഷൻ ക്ളാസിലേയ്ക്ക് കുട്ടികളെ ക്ഷണിക്കാൻ ചെറുകാട് ആദിവാസി ഉന്നതിയിലേയ്ക്ക് പോവുകയായിരുന്നു പാസ്റ്റർ. ബത്തേരി ടൗണിൽവച്ച് പാസ്റ്ററുടെ വാഹനം തടഞ്ഞുനിർത്തി ബജ്‌രംഗ്‌ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയായിരുന്നു. ഹിന്ദു വീടുകളിൽ കയറിയാൽ ഇനി അടി ഉണ്ടാകില്ല പകരം കാൽവെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.