കൂടൽമാണിക്യത്തിൽ വീണ്ടും ജാതി ഭ്രഷ്ട് , ഈഴവ സമുദായക്കാരനെ ഒഴിവാക്കി, താണ റാങ്കുകാരന് ജോലി

Monday 04 August 2025 12:26 AM IST

കോടതി അലക്ഷ്യത്തിന് ഹർജി; ദേവസ്വത്തിന് നോട്ടീസ്

കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ റാങ്ക് ലിസ്റ്റിലെ അഞ്ചാമനും വാര്യർ സമുദായാംഗവുമായ ഉദ്യോഗാർത്ഥിക്ക് താത്കാലിക നിയമനം. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ദേവസ്വം നടപടി. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ച ഈഴവ സമുദായത്തിൽപ്പെട്ട രണ്ടാം റാങ്കുകാരനായ ചേർത്തല സ്വദേശി കെ.എസ്. അനുരാഗിനാണ് നീതി നിഷേധിക്കപ്പെടുന്നത്. ഇടതുപക്ഷ നിയന്ത്രണത്തിലുള്ളതാണ് കൂടൽമാണിക്യം ദേവസ്വം ഭരണസമിതി.

ഒന്നാം റാങ്കുകാരനായിരുന്ന ഈഴവ സമുദായാംഗം ബി.എ. ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് മാറ്റിനിറുത്തിയത് വലിയ വിവാദമായിരുന്നു. ബാലു രാജിവച്ചപ്പോൾ അനുരാഗിന് നൽകിയ അഡ്വൈസ് മെമ്മോയിൽ നിയമന ഉത്തരവ് അയയ്‌ക്കൽ രണ്ടാഴ്ച വൈകിപ്പിച്ച് തന്ത്രിമാർക്കും മറ്റും കേസിന് പോകാൻ അവസരമൊരുക്കി. അഡ്വൈസ് മെമ്മോ ലഭിച്ചാൽ ഉടൻ നിയമനം നടത്തുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നെങ്കിലും ഭരണസമിതി അതു ഗൗനിച്ചതേയില്ല.

ആറു തന്ത്രിമാരും വർഷത്തിൽ രണ്ടുമാസം മാത്രം പാരമ്പര്യ കഴകം അവകാശമുള്ള തെക്കേ വാര്യത്തെ ടി.വി. ഹരികൃഷ്ണനും മറ്റും നൽകിയ ഹർജിയിൽ തത്‌സ്ഥിതി തുടരാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കേസ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. കർക്കടക മാസം പ്രമാണിച്ച് വടക്കേവാര്യത്തെ കെ.വി. രഞ്ജിത്തിനെയാണ് താത്കാലികമായി നിയോഗിച്ചത്. കർക്കടകം ഒന്നു മുതൽ രഞ്ജിത്ത് ഇവിടെ മാലകെട്ടുന്നുണ്ട്. ബി.എ. ബാലു രാജി വച്ച ശേഷം സോപാനം സ്വീപ്പർ രാജേഷ് പിഷാരടിക്കാണ് കഴകം ചുമതല.

കോടതിഅലക്ഷ്യ ഹർജി

കഴകം തസ്തികയിൽ തത്‌‌സ്ഥിതി തുടരാൻ ഹൈക്കോടതി നിർദ്ദേശമുള്ളപ്പോൾ റാങ്ക്ലിസ്റ്റിലെ അഞ്ചാം റാങ്കുകാരനെ നിയമിച്ചത് കോടതി അലക്ഷ്യമാണെന്ന് കാണിച്ച് ഇരിങ്ങാലക്കുട സ്വദേശിയായ ഗാർഗ്യൻ സുധീർ അഡ്വ.പി.ബാബുകുമാർ മുഖേന സമർപ്പിച്ച ഹർജിയിൽ നോട്ടീസ് ഉത്തരവായി. ബാലുവിനെ നിയമിച്ചതിനെ തുടർന്ന് ക്ഷേത്രപൂജകൾ നിർവഹിക്കുന്നത് നിരർത്ഥകമാണെന്ന് ദേവസ്വത്തിന് കത്ത് നൽകിയ ആറ് തന്ത്രിമാർക്കെതിരെ ജാതിവിവേചനത്തിന് ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗാർഗ്യൻ സുധീർ ജൂൺ 20ന് തൃശൂർ റൂറൽ എസ്.പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിലും ഇതുവരെ നടപടിയെടുത്തിട്ടില്ല.