സഹപ്രവർത്തകരെ പ്രണയിച്ചാൽ 45000 രൂപ ബോണസ്; കമ്പനിയിലെ പുതിയ നയം ഹിറ്റ്

Sunday 03 August 2025 9:27 PM IST

മിക്ക കമ്പനികളുടെ സഹപ്രവർത്തകരുടെ പ്രണയത്തെ എതിർക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. എന്നാൽ സഹപ്രവർത്തകരെ ഡേറ്റ് ചെയ്യുന്നവർക്ക് ബോണസ് പ്രഖ്യാപിച്ച ഒരു കമ്പനിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നാൽ ആ കമ്പനിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. യുഎസ് ടെക് സ്റ്റാർട്ടപ്പ് കമ്പനിയായ ക്ലൂലി എന്ന കമ്പനിയാണ് ഈ പുതിയ നയം കൊണ്ടുവന്നത്. സഹപ്രവർത്തകനെ വിജയകരമായി ഡേറ്റ് ചെയ്യുന്നവർക്ക് 500 ഡോളറാണ് (43000 രൂപ) ബോണസായി നൽകുന്നത്.

ക്ലൂലിയുടെ സിഇഒയാണ് തന്റെ ലിങ്ക്ഡ് ഇൻ പോസ്റ്റിലൂടെ ഈ നയം വ്യക്തമാക്കിയത്. പിന്നാലെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി. എല്ലാവരും സന്തോഷത്തോടെ ജീവിക്കണമെന്നും ഡേറ്റിംഗ് നമ്മുടെ സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. ക്ലൂലി ടീമിലെ ഏതെങ്കിലും അംഗത്തെ ഡേറ്റ് ചെയ്യാൻ മറ്റൊരു അംഗത്തിന് തോന്നിയാൽ സിഇഒയെ നേരിട്ട് അറിയിക്കാം. പങ്കാളിയെ കണ്ടെത്തുന്നവർക്കും ബോണസുണ്ട്. ഒരു സഹപ്രവർത്തകന് യോജിച്ച പങ്കാളിയെ കണ്ടെത്തി നൽകി. അത് വിജയിച്ചാൽ അയാൾക്കും ഒറ്റത്തവണ 500 ഡോളർ ബോണസ് ലഭിക്കും. ഈ രീതി എന്നും ഇങ്ങനെ തുടർന്നുപോകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സിഇഒ പറഞ്ഞു. ജീവനക്കാരുടെ സന്തോഷത്തിനും മാനസികാരോഗ്യത്തിനും ഈ തീരുമാനം ഏറെ ഗുണം ചെയ്യുമെന്നാണ് കമ്പനി പറയുന്നത്.