സഹോദരൻ തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം: പി.കെ. ഫിറോസ്

Monday 04 August 2025 12:27 AM IST

കോഴിക്കോട്: ലഹരിക്കേസിൽ അറസ്റ്റിലായ തന്റെ സഹോദരൻ പി.കെ.ബുജൈർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതിൽ ഒരിടപെടലും താനോ ലീഗോ നടത്തിയിട്ടില്ല.സഹോദരന് തന്റെ രാഷ്ട്രീയവുമായി ബന്ധമില്ല. അതേസമയം, ലഹരിക്കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ റിയാസ് തൊടുകയിൽ സി.പി.എമ്മുകാരനാണെന്നും, അയാളെ വിട്ടയക്കാൻ ലോക്കൽ കമ്മിറ്റി നേതാക്കൾ വരെ സ്റ്റേഷനിലെത്തിയെന്നും ഫിറോസ് ആരോപിച്ചു.റിയാസിന്റെ ഫോണിലെ ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ബുജൈറിനെ കുന്ദമംഗലം പൊലീസ് പിടി കൂടിയത്. സഹോദരന്റെ കുറ്റത്തിനാണ് തനിക്കെതിരെ പ്രചാരണം. ബുജൈർ പിടിയിലായ സാഹചര്യത്തിൽ സ്ഥാനം രാജി വയ്ക്കണമെന്നും ഫിറോസിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ബിനീഷ് കോടിയേരി ആവശ്യപ്പെട്ടിരുന്നു.

തന്നെ സഹോദരൻ നിരന്തരം വിമർശിക്കുന്നുണ്ട് . എതെങ്കിലും ലഹരിയിടപാടുമായി ബന്ധമുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാകണം. കെ.ടി .ജലീലും ബിനീഷ് കോടിയേരിയുമെല്ലാം വിഷയത്തിൽ പ്രതികരിക്കുന്നതിന്റെ കാരണം വ്യക്തമാണ്. അധികാരത്തിന്റെ പിൻബലത്തിൽ അവർ നടത്തുന്ന നെറികേടുകൾക്കെതിരെ ഇനിയും പ്രതികരിക്കും. ബിനീഷ് കോടിയേരി ചെയ്ത തെറ്റിന് അദ്ദേഹത്തിന്റെ പിതാവ് രാജി വയ്ക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഫിറോസ് പറഞ്ഞു.

ലഹരി മരുന്ന് ഇടപാട് അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലാണ് ശനിയാഴ്ച രാത്രി ബുജൈർ അറസ്റ്റിലായത്. ചൂലാംവയൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. ബുജൈറിന്റെ വാഹന,ദേഹ പരിശോധനയിൽ ലഹരി കണ്ടെത്താനായില്ല. ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ കണ്ടെത്തി.