ഡി.സി.സി പുനഃസംഘടന: അന്തിമ പട്ടിക 10നകം, നാളെയും മറ്റന്നാളും ഡൽഹിയിൽ ചർച്ച

Monday 04 August 2025 12:30 AM IST

തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റുമാരുടെ പുന:സംഘടനയുമായി ബന്ധപ്പെട്ട് കെ.പി.സി.സി നേതൃത്വം നടത്തുന്ന ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്. 10ന് മുമ്പ് അന്തിമ പട്ടിക തയ്യാറാക്കി ഹൈക്കമാൻഡിന് സമർപ്പിക്കാനാണ് നീക്കം. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലൊഴികെ ഡി.സി.സി അദ്ധ്യക്ഷന്മാരെ മാറ്റുക എന്ന ഏകദേശ ധാരണയിലാണ് ഇപ്പോൾ എത്തിയിരിക്കുന്നതെന്നാണ് സൂചന. മറ്റു ജില്ലകളിൽ പരിഗണിക്കേണ്ടവരുടെ ലിസ്റ്റിന്റെ കരട് രൂപവുമായിട്ടുണ്ട്.

പുന:സംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി എം.പിമാരുമായി നാളെയും മറ്റന്നാളും ഡൽഹിയിൽ ചർച്ച നടക്കും. ഇതിനായി ഇന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഡൽഹിക്ക് പോകും. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഇന്ന് രാത്രിയിലോ നാളെയോ ഡൽഹിയിലെത്തും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുക്കും.

പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിലും ഡൽഹിയിലുണ്ട്. എം.പിമാരുമായുള്ള ചർച്ചയ്ക്കുശേഷം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുമായും ചർച്ച നടത്തും. അവരുടെ അഭിപ്രായം കൂടി മാനിച്ചാവും അന്തിമ പട്ടിക തയ്യാറാക്കുക.

വി.ഡി.സതീശനും സണ്ണി ജോസഫും എല്ലാ ഡി.സി.സി അദ്ധ്യക്ഷന്മാരുമായും ചർച്ച നടത്തിക്കഴിഞ്ഞു. മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാരായ വി.എം.സുധീരൻ, കെ.മുരളീധരൻ, കെ.സുധാകരൻ, പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവരുമായും ആശയവിനിമയം നടത്തി.

ജന. സെക്രട്ടറിമാരുടെ

എണ്ണം കൂട്ടിയേക്കും

ഡി.സി.സി പുനഃസംഘടനയ്ക്കു ശേഷമാകും കെ.പി.സി.സി അഴിച്ചുപണി. ജനറൽ സെക്രട്ടറിമാരുടെ എണ്ണം 23ൽ നിന്ന് 35 ആക്കി ഉയർത്താൻ ആലോചനയുണ്ട്. ഒരു ജനറൽ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാർ എന്ന അനുപാതത്തിൽ 70 സെക്രട്ടറിമാരെയും നിയോഗിക്കും. നിലവിൽ സെക്രട്ടറിമാരുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. കെ.പി.സി.സി പുനഃസംഘടന തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് വേണോ എന്ന കാര്യത്തിൽ ധാരണയായിട്ടില്ല.