കേന്ദ്രത്തിന്റെ ഇലക്ട്രിക് ബസുകൾ: കർണാടകത്തിന് 4,500; കേരളം കണ്ണടച്ചു
തിരുവനന്തപുരം: മാറിയ കാലത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ്, അയൽ സംസ്ഥാനങ്ങൾ കൂടുതൽ ഇലക്ട്രിക് ബസുകൾ സ്വന്തമാക്കുമ്പോൾ കെ.എസ്.ആർ.ടി.സി വാങ്ങുന്നതെല്ലാം ഡീസൽ ബസുകൾ.
കേന്ദ്രം പ്രഖ്യാപിച്ച പി.എം ഇ ഡ്രൈവ് പദ്ധതി പ്രകാരം ഇ-ബസ് നേടാൻ സംസ്ഥാന ഗതാഗത വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ല.
2024 മേയിലാണ് പി.എം ഇ ഡ്രൈവ് പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത്. 2026 മാർച്ച് വരെയാണ് പദ്ധതി നടപ്പിലാക്കുക. ഈ പദ്ധതി പ്രകാരം കർണാടകം 4,500 ബസുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളം ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നത് അറിഞ്ഞ ഭാവം നടിച്ചിട്ടില്ല.
കർണാടക രണ്ടാഴ്ച മുമ്പ് വാങ്ങിയത് 148 നോൺ എ.സി ഇലക്ട്രിക് ബസുകളാണ്. ഇതോടെ, ബെംഗളൂരുവിൽ മാത്രം സർവീസ് നടത്തുന്ന ഇ ബസുകളുടെ എണ്ണം 1436 ആയി
ഇ ബസിനോട് താത്പര്യം കാട്ടാതിരുന്ന തമിഴ്നാട് ജൂൺ 30ന് നിരത്തിലിറക്കിയത് 120 നോൺ എ.സി ലോ ഫ്ലാർ ബസുകൾ. 505 എണ്ണം കൂടി ഉടൻ വാങ്ങും.
അതേസമയം, 2019ൽ ഇ വാഹനനയം പ്രഖ്യാപിച്ച കേരളത്തിൽ ട്രാൻസ്പോർട്ട് കോർപറേഷന് വാങ്ങുന്നത് 143 ഡീസൽ ബസുകൾ!
2023ൽ പി.എം ഇ ബസ് സേവ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്തെ നഗരങ്ങൾക്കായി 950 ബസുകൾ അനുവദിക്കാമെന്ന് കേരളത്തെ അറിയച്ചിരുന്നു. എന്നാൽ സ്വീകരിക്കാൻ സംസ്ഥാന ഗതാഗതവകുപ്പ് തയ്യാറായില്ല.
പി.എം. ഇ ബസ് സേവ
ഇന്റർസിറ്റി, അന്തർസംസ്ഥാന സർവീസുകൾ നടത്താനുള്ള ഇ-ബസുകളാണ് ഈ പദ്ധതി പ്രകാരം ലഭ്യമാവുക. രണ്ട് വർഷത്തിൽ ആകെ 14,028 ഇ ബസുകൾ ലഭ്യമാക്കും. ഇതിനായി കേന്ദ്രം 4,391 കോടി രൂപ ചെലവാക്കും
ഓരോ സീറ്റിലും ബെൽറ്റ്
ഓരോ സീറ്റിലും ബെൽറ്റുള്ള ബസുകളാണ് കർണാടകയും തമിഴ്നാടും വാങ്ങിയത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സി.സി.ടി.വി ക്യാമറ
മൊബൈൽ ഫോൺ ചാർജിംഗ് പോയിന്റുകൾ അടിയന്തര സഹായത്തിന് എമർജൻസി അലാം ഭിന്നശേഷിക്കാർക്ക് കയറാനും ഇറങ്ങാനും റാംപുകൾ