അര ലക്ഷം കോടി രൂപയുടെ ഐ ഫോൺ കയറ്റുമതിയുമായി ആപ്പിൾ
തീരുവ ഭീഷണിയിലും കുലുങ്ങാതെ സ്‌മാർട്ട് ഫോൺ കയറ്റുമതി
കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധ ഭീഷണി അവഗണിച്ച് ആപ്പിൾ ഇന്ത്യയിൽ നിന്നുള്ള ഐ ഫോൺ കയറ്റുമതി കുത്തനെ ഉയർത്തുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ആഗോള സ്‌മാർട്ട് ഫോൺ നിർമ്മാതാക്കളായ ആപ്പിൾ 600 കോടി ഡോളറിന്റെ(52,200 കോടി രൂപ) ഐ ഫോണുകളാണ് ഇന്ത്യയിൽ നിന്ന് കയറ്റിഅയച്ചത്. മുൻവർഷം ഇതേകാലയളവിനേക്കാൾ ഐ ഫോണുകളുടെ കയറ്റുമതി മൂല്യത്തിൽ 82 ശതമാനം വർദ്ധനയുണ്ടായി. ഇന്ത്യയിൽ സ്മാർട്ട് ഫോൺ ഉത്പാദന രംഗത്ത് നിക്ഷേപം നടത്തുന്ന ആപ്പിളിന്റെ നീക്കത്തോടുള്ള ട്രംപിന്റെ അതൃപ്‌തി അവഗണിച്ച് മുന്നോട്ടുപോകാനാണ് കമ്പനിയുടെ തീരുമാനം. ഫോക്‌സ്‌കോൺ, ടാറ്റ ഇലക്ട്രോണിക്സ് എന്നിവയുമായി കൈകോർത്താണ് ആപ്പിൾ ഇന്ത്യയിൽ ഐ ഫോൺ ഉത്പാദനത്തിൽ ചരിത്ര മുന്നേറ്റം സൃഷ്ടിക്കുന്നത്.
അവലോകന കാലയളവിൽ ഇന്ത്യയുടെ മൊത്തം സ്മാർട്ട് ഫോൺ കയറ്റുമതി 58 ശതമാനം ഉയർന്ന് 772 കോടി ഡോളറിലെത്തി.
അമേരിക്കയിലെത്തുന്നത് ഇന്ത്യൻ ഐ ഫോണുകൾ
അമേരിക്കയിൽ വിറ്റഴിക്കുന്ന ഐ ഫോണുകളിൽ വലിയ പങ്കും ഇന്ത്യയിലാണ് നിർമ്മിക്കുന്നതെന്ന് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് വ്യക്തമാക്കി. ആപ്പിളിനായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഐ ഫോണുകൾ ഉത്പാദിപ്പിക്കുന്നത് തയ്‌വാനിലെ ഫോക്‌സ്കോണാണ്. ടാറ്റ ഇലക്ട്രോണിക്സാണ് രണ്ടാം സ്ഥാനത്ത്. ആപ്പിൾ ഇന്ത്യയിൽ വലിയ നിക്ഷേപം നടത്തുന്നതിൽ എതിർപ്പുമായി ഡൊണാൾഡ് ട്രംപ് പരസ്യമായി രംഗത്ത് വന്നിരുന്നു. എന്നാൽ ആപ്പിളിന്റെ പ്രധാന വിപണിയായി ഇന്ത്യ തുടരുമെന്ന് ടിം കുക്ക് അടിവരയിടുന്നു.
സ്‌മാർട്ട് ഫോൺ കയറ്റുമതിയിൽ കുതിപ്പ്
ഇന്ത്യയ്ക്ക് ഏറ്റവും ഉയർന്ന കയറ്റുമതി വരുമാനം നൽകുന്ന ഉത്പന്നങ്ങളിൽ സ്‌മാർട്ട് ഫോണുകൾക്ക് മൂന്നാം സ്ഥാനമാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം 6,400 കോടി ഡോളറിന്റെ സ്മാർട്ട് ഫോണുകളാണ് ഇന്ത്യ ഉത്പാദിപ്പിച്ചത്. ഇതിൽ 2,410 കോടി ഡോളറിന്റെ സ്‌മാർട്ട് ഫോണുകൾ കയറ്റി അയച്ചു. 2014-15 സാമ്പത്തിക വർഷം കയറ്റുമതി ഉത്പന്നങ്ങളുടെ പട്ടികയിൽ സ്‌മാർട്ട് ഫോണുകളുടെ സ്ഥാനം 167 ആയിരുന്നു.
ഇന്ത്യയുടെ മൊത്തം സ്മാർട്ട് ഫോൺ കയറ്റുമതി
67,160 കോടി രൂപ