കടൽ മലിനമായാൽ തുറമുഖങ്ങൾക്കും ബാദ്ധ്യത
കടൽ മലിനീകരണം തടയാൻ പുതിയ നിയമം
കൊച്ചി: രാജ്യസഭയുടെ കടമ്പകൂടി കടന്ന് 'ഇന്ത്യൻ പോർട്സ് ബിൽ 2025" നിയമമാകുന്നതോടെ കടൽ മലിനീകരണ നിയന്ത്രണത്തിന്റെ പ്രാഥമിക ബാദ്ധ്യത തുറമുഖ കമ്പനികളിലാകും. നിലവിൽ ദുരന്തനിവാരണ അതോറിറ്റിയും മലിനീകരണ നിയന്ത്രണ ബോർഡും ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തിൽ തുറമുഖങ്ങൾക്കും തുല്യ പങ്കുണ്ടാകുമെന്ന് ബിൽ വ്യക്തമാക്കുന്നു. 1908ലെ ഇന്ത്യൻ പോർട്സ് ആക്ടിന് പകരം കൊണ്ടുവരുന്ന നിയമത്തിലാണ് കാലാനുസൃത നിർദ്ദേശങ്ങളുള്ളത്.
കേരളതീരത്ത് കപ്പലപകടങ്ങൾ ഉണ്ടായപ്പോൾ, മലിനീകരണ നിയന്ത്രണ ബോർഡിനും ദുരന്ത നിവാരണ അതോറിറ്റിയ്ക്കും കാര്യമായി ഇടപെടാനായിരുന്നില്ല. തുറമുഖങ്ങൾക്ക് കൂടി തുല്യ ഉത്തരവാദിത്വം കൈവരുന്നതോടെ കടൽ പരിസ്ഥിതി സംരക്ഷണം കൂടുതൽ ഫലപ്രദമാകും.
നിയമം രാജ്യാന്തര ഉടമ്പടികളുടെ ചുവട്പിടിച്ച്
കടൽ മലിനീകരണവുമായി ബന്ധപ്പെട്ട 'ഇന്റർനാഷണൽ കൻവെൻഷൻ ഫോർ പ്രിവൻഷൻ ഒഫ് പൊല്യൂഷൻ ഫ്രം ഷിപ്പ്സ് (MARPOL)", ബല്ലാസ്റ്റ് വാട്ടർ മാനേജ്മെന്റ് കൺവെൻഷൻ എന്നീ രാജ്യാന്തര ഉടമ്പടികളുടെ ചുവടുപിടിച്ചാണ് പുതിയ നിയമം. സംസ്ഥാന മാരിടൈം ബോർഡ്, മാരിടൈം സ്റ്റേറ്റ് ഡെവലപ്മെന്റ് കൗൺസിൽ എന്നിവയ്‌ക്ക് കൂടുതൽ അധികാരം കൈവരും. തുറമുഖ വികസനം, സുരക്ഷ, ലൈസൻസിംഗ്, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ ബോർഡിന്റെയും താരിഫ് സുതാര്യത, ഡേറ്റാ ശേഖരണം തുടങ്ങിയ വിഷയങ്ങൾ കൗൺസിലിന്റെയും മേൽനോട്ടത്തിലാകും.
കപ്പലുകൾ പുറംതള്ളുന്ന മാലിന്യങ്ങൾ ശേഖരിക്കാനും കൈകാര്യം ചെയ്യാനുമുള്ള പദ്ധതി തുറമുഖങ്ങൾ തയാറാക്കണം.
കപ്പലപടകം പോലുള്ള സംഭവങ്ങളുണ്ടായാൽ മലിനീകരണം പ്രതിരോധിക്കാനും നിയന്ത്രിക്കാനും തയ്യാറെടുക്കണം
പ്ലാൻ നടപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ നിരന്തര ഓഡിറ്റിംഗ് വേണമെന്ന് നിയമം അനുശാസിക്കുന്നു
മേജർ പോർട്ടുകൾ കേന്ദ്രത്തിന്റെയും നോൺ മേജർ പോർട്ടുകൾ സംസ്ഥാനങ്ങളുടെയും നിയന്ത്രണത്തിൽ
'ജല വിമാന"ങ്ങൾക്കും ബാധകം
കടൽത്തട്ടോ കപ്പൽത്തട്ടോ തുറമുഖ ഭൂമിയോ ഉപയോഗിക്കുന്ന എല്ലാ വിമാനങ്ങൾക്കും മലിനീകരണം അടക്കമുള്ള നിയമലംഘനങ്ങൾ ബാധകമായിരിക്കും. പഴയ നിയമത്തിൽ ഈ വ്യവസ്ഥയുണ്ടായിരുന്നില്ല. ലോക്‌സഭ പാസാക്കിയ പോർട്ട്സ് ബിൽ അടുത്തദിവസം രാജ്യസഭയിലെത്തും.