വിപണിയിൽ നിക്ഷേപകർക്ക് കരുതൽക്കാലം

Monday 04 August 2025 12:47 AM IST

വിദേശ നിക്ഷേപ പിന്മാറ്റവും പ്രവർത്തനഫലങ്ങളും നിർണായകം

റിസർവ് ബാങ്ക്, ട്രംപ് തീരുമാനങ്ങൾ കാത്ത് നിക്ഷേപകർ

കൊച്ചി: മുൻനിര കമ്പനികളും പ്രവർത്തന ഫല റിപ്പോർട്ടും റിസർവ് ബാങ്കിന്റെ പലിശ തീരുമാനവും കാത്തിരിക്കുകയാണ് റിവേഴ്‌സ് ഗിയറിൽ നീങ്ങുന്ന ഇന്ത്യൻ ഓഹരി വിപണി. കഴിഞ്ഞ അഞ്ച് വാരങ്ങളിലും കനത്ത നഷ്‌ടത്തോടെയാണ് ഇന്ത്യൻ ഓഹരികൾ വ്യാപാരം പൂർത്തിയാക്കിയത്. പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഉറപ്പിച്ചതോടെ നിക്ഷേപകർ കടുത്ത ആശങ്കയിലായി. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യൻ കമ്പനികളുടെ വിറ്റുവരവിലും ലാഭത്തിലും ഇടിവുണ്ടായതും വിപണിക്ക് നെഞ്ചിടിപ്പേറ്റി. ബാങ്കിംഗ്, മാനുഫാക്ചറിംഗ്, ഐ.ടി തുടങ്ങിയ മേഖലകൾ നിരാശാജനകമായ പ്രകടനമാണ് ഈ കാലയളവിൽ കാഴ്ചവച്ചത്. ഇതാേടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരികളുടെ വിൽപ്പന ശക്തമാക്കി.

റഷ്യയും അമേരിക്കയുമായി രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും ഉയരുന്നതും വെല്ലുവിളി ശക്തമാക്കുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ അമേരിക്കൻ ഓഹരി സൂചികകൾ മൂക്കുകുത്തിയതിനാൽ ഇന്ന് ഇന്ത്യൻ വിപണി കനത്ത സമ്മർദ്ദം നേരിട്ടേക്കും.

കാത്തിരിക്കുന്ന പ്രധാന സംഭവ വികാസങ്ങൾ

1. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക 25 ശതമാനം തീരുവ ഏർപ്പെടുത്തിയ നടപടിയിലെ മാറ്റം

2. റിസർവ് ബാങ്കിന്റെ ധന നയ അവലോകന യോഗത്തിൽ മുഖ്യ പലിശ നിരക്കിലെ തീരുമാനം

3. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വാങ്ങൽ താത്പര്യവും ഡോളറിനെതിരെ രൂപയുടെ ചലനങ്ങളും

4. നടപ്പു സാമ്പത്തികവർഷത്തിലെ ആദ്യ ത്രൈമാസത്തിലെ ഇന്ത്യൻ കമ്പനികളുടെ പ്രവർത്തനഫലങ്ങൾ

പലിശ കുറയാനിടയില്ല

ഇന്ന് ആരംഭിക്കുന്ന റിസർവ് ബാങ്കിന്റെ ധന അവലോകന സമിതി യോഗത്തിൽ മുഖ്യ പലിശ നിരക്കായ റിപ്പോയിൽ മാറ്റം വരുത്തിയേക്കില്ല. ആഗസ്‌റ്റ് ആറിനാണ് റിസർവ് ബാങ്ക് ഗവർണർ സഞ്‌ജയ് മൽഹോത്ര ധന നയം പ്രഖ്യാപിക്കുന്നത്. ഫെബ്രുവരിക്ക് ശേഷം മൂന്ന് ഘട്ടങ്ങളിലായി റിപ്പോ ഒരു ശതമാനം കുറച്ച് 5.5 ശതമാനമാക്കിയിരുന്നു. നാണയപ്പെരുപ്പം ജൂണിൽ ആറ് വർഷത്തെ താഴ്ന്ന തലത്തിലെത്തിയെങ്കിലും തിരക്കിട്ട് പലിശ വീണ്ടും കുറയ്ക്കേണ്ടതില്ലെന്നാണ് റിസർവ് ബാങ്ക് നിലപാട്. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് കരുതലോടെ നീങ്ങാനാണ് സാദ്ധ്യത.

കാത്തിരിക്കുന്ന പ്രവർത്തനഫലങ്ങൾ

രാജ്യത്തെ മുൻനിര കമ്പനികളായ ടാറ്റ മോട്ടോഴ‌്സ്, സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ(എൽ.ഐ.സി), ഭാരതി എയർടെൽ, ബി.എസ്.ഇ, ട്രെന്റ്, ഡി.എൽ.എഫ്, ടൈറ്റൻ തുടങ്ങിയവയുടെ പ്രവർത്തനഫലങ്ങൾ ഈ വാരം പുറത്തുവരും

ജൂലായിൽ ഇതുവരെ വിദേശ ഫണ്ടുകൾ പിൻവലിച്ചത്

31,988 കോടി രൂപ

നടപ്പുവർഷം വിദേശ നിക്ഷേപകരുടെ മൊത്തം വിൽപ്പന

1,31,876 കോടി രൂപ