ബംഗാൾ വി.സി നിയമനം: ലളിത് കമ്മിറ്റിക്ക് അധികാരം

Monday 04 August 2025 12:20 AM IST

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ സർവകലാശാലകളിലെ വൈസ് ചാൻസലർമാരായി അനുയോജ്യരായ ആളുകളെ നിയമിക്കാൻ ജസ്റ്റിസ് യു.യു. ലളിത് നയിക്കുന്ന സെലക്ഷൻ കമ്മിറ്റിക്ക് പൂർണ്ണ അധികാരമെന്ന് സുപ്രീംകോടതി. മുഖ്യമന്ത്രി നൽകുന്ന മുൻഗണനാ പട്ടിക പരിഗണിക്കേണ്ടതില്ലെന്നും യോഗ്യത അടിസ്ഥാനമാക്കി ആളെ കണ്ടെത്തണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്,ജോയ്‌മല്യ ബാഗ്ചി എന്നിവടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.

സംസ്ഥാന സർക്കാരും ചാൻസലറായ ഗവർണർ സി.വി. ആനന്ദബോസുമായുള്ള തർക്കത്തെ തുടർന്നാണ് വിസി നിയമനം സുപ്രീംകോടതിയിലെത്തിയത്.യോഗ്യരായ വി.സിമാരെ കണ്ടെത്താൻ ജസ്റ്റിസ് ലളിതും കമ്മിറ്റി അംഗങ്ങളും ഏറ്റവും അനുയോജ്യരാണ്. തിരഞ്ഞെടുക്കപ്പെടേണ്ടവരുടെ പ്രൊഫഷണൽ അനുഭവം, മറ്റ് യോഗ്യതകൾ എന്നിവ അവലോകനം ചെയ്തിട്ടുണ്ട്. നിയമന കാര്യത്തിൽ ഗവർണറുടെയും മുഖ്യമന്ത്രിയുടെയും അഭിപ്രായങ്ങളും വീക്ഷണങ്ങളും കമ്മിറ്റിക്ക് പരിഗണിക്കാവുന്നതാണ്..

2024 ജൂലായിലാണ് വി.സി നിയമന പ്രതിസന്ധി പരിഹരിക്കാൻ സുപ്രീം കോടതി ജസ്റ്റിസ് ലളിതിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റി 35ൽ 17 സർവകലാശാലകളിലെ നിയമനങ്ങൾ പൂർത്തിയാക്കി.കമ്മിറ്റിയുടെ ശുപാർശകൾ ചാൻസലർ അംഗീകരിച്ചു.