സാനു മാസ്റ്റർക്ക് കൊടുത്ത വാക്ക് പാലിച്ചു: മന്ത്രി രാജൻ

Monday 04 August 2025 12:22 AM IST

കൊച്ചി: തന്റെ കാലം കഴിയും മുമ്പേ അബലാശരണം ഗേൾസ് ഇൻഡസ്ട്രിയൽ സ്‌കൂളിന്റെ എട്ടു സെന്റ് ഭൂമിക്ക് പട്ടയം കിട്ടണമെന്ന പ്രൊഫ.എം.കെ. സാനുവിന്റെ ആഗ്രഹം സാക്ഷാത്കരിച്ചതിന്റെ ചാരിതാർത്ഥ്യം പങ്കു വച്ച് മന്ത്രി കെ. രാജൻ. ഇന്നലെ എറണാകുളം ടൗൺഹാളിൽ അന്തിമോപചാരം അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം..

എറണാകുളത്തെ ശ്രീനാരായണ വിദ്യാർത്ഥിനി സദനം ട്രസ്റ്റിനെ (എസ്.എൻ.വി ട്രസ്റ്റ്) സ്വന്തം കൈവശ ഭൂമിയുടെ അവകാശിയായി കാണണമെന്ന സാനു മാഷിന്റെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തപസിനി അമ്മ എന്ന സാമൂഹിക പ്രവർത്തക 1921ൽ സ്ഥാപിച്ച അബലാ ശരണത്തെ 1968ലാണ് എസ്.എൻ.വി. ട്രസ്റ്റ് ഏറ്റെടുത്തത്. പ്രൊഫ.എം.കെ. സാനുവായിരുന്നു ട്രസ്റ്റിന്റെ നിലവിലെ പ്രസിഡന്റ്. അബലകളായ സ്ത്രീകളെ താമസിപ്പിച്ച് വിവിധ കൈത്തൊഴിലുകൾ പരിശീലിപ്പിക്കുന്ന സ്ഥാപനം സ്ഥിതി ചെയ്യുന്ന എട്ട് സെന്റ് സ്ഥലം പതിച്ചു നൽകണമെന്നാവശ്യപ്പെട്ട് 2020ലാണ് ട്രസ്റ്റിനു വേണ്ടി സാനു അപേക്ഷ നൽകിയത്.

നിയപരമായി തടസങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തോടുള്ള ആദരവും എസ്.എൻ.വി ട്രസ്റ്റിന്റെ കാരുണ്യ പ്രവർത്തനങ്ങളും കണക്കിലെടുത്ത് റൂൾ 21പ്രകാരം ഭൂമിക്ക് ഉടമസ്ഥാവകാശം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ ജൂലായ് 14ന് അബലാശരണം സ്കൂളിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റായ സാനു മാഷിന് ഭൂമിയുടെ പട്ടയം കൈമാറാനുള്ള അവസരവും ലഭിച്ചു. പ്രൊഫ.എം.കെ. സാനുവിനൊപ്പം പങ്കെടുത്ത അവസാന പൊതുപരിപാടിയും അതായിരുന്നു.

കൂടിക്കാഴ്ചയും സന്തോഷ പ്രകടനവും കഴിഞ്ഞ് 20 ദിവസം പിന്നിട്ടപ്പോഴാണ് മനസിനെ ഏറെ വേദനിപ്പിച്ച് അദ്ദേഹത്തിന്റെ വേർപാട്. അദ്ധ്യാപനം, പ്രഭാഷണം, എഴുത്ത്, വായന, ജനസേവനം, സമുദായോദ്ധാരണം എന്നിവയിലൂടെ ശ്രീനാരായണ ധർമ്മവും സഹോദര ധർമ്മവും ലോകോപകാരപ്രദമാകും വിധം പകർന്ന ഗുരുനാഥനാണ് പ്രൊഫ.എം.കെ.സാനു. ധർമ്മനിഷ്ഠയോടെയുള്ള ജീവിതവും ദർശനവും കേരള നവോത്ഥാനത്തിന്റെ നിലനിൽപ്പിനായി പ്രയോഗിക്കാനാവുന്നതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.