മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു
Monday 04 August 2025 12:23 AM IST
പാലക്കാട്: 15 വയസുള്ള മകളുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ യുവാക്കൾ കത്തിച്ചു. പാലക്കാട് മേപ്പറമ്പിലാണ് സംഭവം. മേപ്പറമ്പ് സ്വദേശി റഫീഖിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ ആഷിഫിനെയും സുഹൃത്ത് ഷെഫീഖിനെയും നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കുറേനാളായി മകളെ ആഷിഫ് പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് റഫീഖ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വെെരാഗ്യം തീർക്കാനാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രി റഫീഖിന്റെ വീട്ടിലെത്തി ഓട്ടോറിക്ഷ കത്തിച്ചത്. നാലു മക്കളടങ്ങുന്ന റഫീഖിന്റെ കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് ഇതോടെ ഇല്ലാതായത്. കേസ് ഒത്തുതീർപ്പാക്കാൻ പ്രതികളുടെ ബന്ധുക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും ഒത്തുതീർപ്പിന് തയ്യാറല്ലെന്നാണ് റഫീഖ് പറയുന്നത്.