ദുലീപ് ട്രോഫി : കേരളത്തിന് സന്തോഷം,കെ.സി.എല്ലിന് സമ്മർദ്ദം

Sunday 03 August 2025 10:30 PM IST

17 ദിവസം കൂടി

തിരുവനന്തപുരം : ഈ മാസം അവസാനം തുടങ്ങുന്ന ബി.സി.സി.ഐയുടെ ദുലീപ് ട്രോഫിക്കുള്ള സൗത്ത്സോൺ ടീമിലേക്ക് കേരളത്തിൽ നിന്ന് അഞ്ച് കളിക്കാരെ തിരഞ്ഞെടുത്തത് കേരള ക്രിക്കറ്റിന് സന്തോഷവാർത്തയാണെങ്കിലും കേരള ക്രിക്കറ്റ് ലീഗിന് അൽപ്പം സമ്മർദ്ദം പകരും. കെ.സി.എല്ലിലെ മുൻനിര താരങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം എന്നതാണ് കാരണം.

ആഗസ്റ്റ് 21 മുതൽ സെപ്തംബർ ആറുവരെയാണ് കെ.സി.എൽ നടക്കുന്നത്. ദുലീപ് ട്രോഫിയിൽ സൗത്ത് സോൺ ടീമിന്റെ ആദ്യ മത്സരം സെപ്തംബർ നാലിനാണെങ്കിലും അതിന് മുമ്പ് താരങ്ങൾ എത്തേണ്ടിവരും. ഇതോടെ കെ.സി.എൽ താരങ്ങൾക്ക് ലീഗിന്റെ അവസാന ഘട്ടത്തിലെ മത്സരങ്ങൾ നഷ്ടമാകും. മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാ‍ർ, ബേസിൽ എൻ.പി, എം.ഡി നിധീഷ്, ഏദൻ ആപ്പിൾ ടോം എന്നിവർക്കാണ് ദുലീപ് ട്രോഫിക്കുള്ള ടീമിൽ ഇടം ലഭിച്ചിരിക്കുന്നത്.

ഇന്ത്യൻ താരം തിലക് വ‍ർമ്മ നയിക്കുന്ന ദക്ഷിണാമേഖലാ ടീമിന്റെ വൈസ് ക്യാപ്ടനായാണ് അസറുദ്ദീന് ക്ഷണം. ഭാവിയിൽ ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷനിൽ ദുലീപ് ട്രോഫി പോലുള്ള ടൂർണമെന്റുകൾക്ക് വലിയ പ്രാധാന്യമുണ്ട്.

അസറുദ്ദീൻ കെ.സി.എല്ലിൽ ആലപ്പി റിപ്പിൾസിന്റെ ക്യാപ്ടനാണ്. എൻ.പി ബേസിലും റിപ്പിൾസിലാണ് കളിക്കുന്നത്. ഇതോടെ റിപ്പിൾസിന് അവസാന ഘട്ടത്തിൽ രണ്ട് സൂപ്പർ താരങ്ങളെ നഷ്ടമാകും. അവസാനഘട്ടത്തിലേക്ക് നായകനെയും കണ്ടെത്തെണം. എം.ഡി നിതീഷ് തൃശൂർ ടൈറ്റാൻസിന് വേണ്ടിയാണ് കളിക്കുന്നത്. സൽമാൻ നിസാർ കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസിനും ഏദൻ ആപ്പിൾ ടോം കൊല്ലം സെയ്‌ലേഴ്സിനുമാണ് കളിക്കുന്നത്.