നാലു പതിറ്റാണ്ടിന്റെ ബന്ധം, അന്ത്യനിമിഷത്തിനും സാക്ഷിയായി ഡോ.ഇന്ദിര
കൊച്ചി: പ്രൊഫ.എം.കെ. സാനുവിന്റെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷിയാകുമ്പോൾ ഡോ. ഇന്ദിരരാജന്റെ ഓർമ്മിച്ചത് 35 വർഷം മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകൾ. നാലുപതിറ്റാണ്ടിലേറെ ദൈർഘ്യമുള്ള ബന്ധമായിരുന്നു ഇരുവരും തമ്മിൽ.
കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരളയുടെ പരിപാടി കഴിഞ്ഞാണ് ഡോ. ഇന്ദിരരാജനും മകൾ സുചിത്ര ഷൈജിന്തും ശനിയാഴ്ച വൈകിട്ട് അമൃത ആശുപത്രിയിൽ എത്തിയത്. സാനുവിന്റെ ആരോഗ്യനില അതീവഗുരുതരമെന്ന് അറിഞ്ഞു. ആശുപത്രി അധികൃതരുടെ അനുമതിയോടെ മുറിയിൽ പ്രവേശിച്ചു. ജീവൻ നിലനിറുത്താനുള്ള ഡോക്ടർമാരുടെ തീവ്രശ്രമം പരാജയപ്പെടുന്ന നിമിഷം. വൈകാതെ അദ്ദേഹം ജീവൻ വെടിഞ്ഞു.
1990ൽ പെരുമ്പാവൂരിൽ പ്രഗതി അക്കാഡമിക്ക് ശിലാസ്ഥാപനം നിർവഹിച്ചപ്പോൾ എം.കെ. സാനു പറഞ്ഞ വാക്കുകളാണ് ഓർമ്മിച്ചതെന്ന് ഇന്ദിരരാജൻ പറഞ്ഞു.
''ഈ സ്ഥാപനത്തിന്റെ വളർച്ച ഞാൻ സ്വപ്നം കണ്ടുകൊണ്ടിരിക്കും, ആ സ്വപ്നം നിരന്തരമായി കണ്ടുകൊണ്ടിരിക്കും. ആ സ്വപ്നം എന്റെ മരണശയ്യയിൽ കൂടി മധുരമുള്ളതാക്കി തീർക്കും."" അന്ന് പറഞ്ഞ വാക്കുകൾ അതായിരുന്നു.
വലിയ മനുഷ്യസ്‌നേഹിയായ മഹാഗുരുനാഥനെയാണ് നഷ്ടമായത്. വിദ്യാർത്ഥികൾക്ക് വിയോഗം തീരാനഷ്ടമാണ്. ഈയിടെ അദ്ദേഹത്തോടൊപ്പം പരിപാടിയിൽ പങ്കിട്ടിരുന്നു. പഴയ കാര്യങ്ങൾ ഓർമിച്ച് പറയുന്നത് കേട്ട് ഓർമ്മശക്തിയിൽ അതിശയിച്ചു പോയി. മറ്റുള്ളവരുടെ ഓർമ്മകളിലൂടെ അദ്ദേഹം ഇനിയും ജീവിക്കുമെന്നും ഇന്ദിരരാജൻ പറഞ്ഞു.