സ്വദേശി ഉത്പന്ന പ്രചാരണത്തിന് വ്യാപാരികൾ
ന്യൂഡൽഹി: ആഗസ്റ്റ് 10 മുതൽ ഇന്ത്യൻ ഉത്പന്നങ്ങൾ വാങ്ങാനും വിൽക്കാനുമുള്ള പ്രചാരണം തുടങ്ങാൻ വ്യാപാരികളുടെ ദേശീയ സംഘടനയായ കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് (സി.എ.ഐ.ടി) ആഹ്വാനം. ഡൽഹിയിൽ 26 സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിലാണ് തീരുമാനം. 'ഇവിടെ വിൽക്കുന്നത് ഇന്ത്യൻ ഉത്പന്നങ്ങൾ മാത്രം' എന്നെഴുതിയ ബാനറുകൾ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാനും സ്വദേശി ഉത്പന്നങ്ങൾ സ്വീകരിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാനും സി.എ.ഐ.ടി വ്യാപാരികളോട് അഭ്യർത്ഥിച്ചു. രാജ്യത്തെ 48,000ത്തിലധികം വ്യാപാര സംഘടനകളെ ഉൾപ്പെടുത്തിയാകും പ്രചാരണം. വ്യാപാരികളെയും ഉപഭോക്താക്കളെയും പങ്കെടുപ്പിച്ച് സംസ്ഥാന,ജില്ലാ തലങ്ങളിൽ സമ്മേളനങ്ങൾ നടത്തും. സ്കൂളുകൾ,കോളേജുകൾ,വ്യാപാര സ്ഥാപനങ്ങൾ,എൻ.ജി.ഒകൾ തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തും.
വിദേശ കമ്പനികളുടെ കുത്തക അവസാനിപ്പിച്ച് ഇന്ത്യൻ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് ആഭ്യന്തര വ്യാപാരം ശക്തമാക്കുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടിയതായി ദേശീയ സെക്രട്ടറി എസ്.എസ്. മനോജ് പറഞ്ഞു. സംഘടന ദേശീയ നേതാക്കൾ പാർലമെന്റിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്‌ച നടത്തും.