തമിഴ്നാട്ടിൽ വാഹനാപകടം: യുവ ഗായികയ്ക്ക് ദാരുണാന്ത്യം
കൊച്ചി: തമിഴ്‌നാട്ടിൽ ചെന്നൈയ്ക്ക് സമീപം കടലൂർ ചിദംബരത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് നർത്തകിയും ഗായികയുമായ തൃപ്പൂണിത്തുറ സ്വദേശിനി ഗൗരിനന്ദ (20) മരിച്ചു. മലയാളികളായ അഞ്ചുപേരുൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു.
ചമ്പക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന എരൂർ കുന്നറ, കുന്നറയിൽ വീട്ടിൽ രാജേഷിന്റെയും ഷീജയുടെയും ഏകമകളാണ് ഗൗരിനന്ദ. തിരുമുല്ലൈവാസലിൽ സംഗീത, നൃത്ത പരിപാടിക്ക് ശേഷം പുതുച്ചേരിക്ക് പോകുമ്പോൾ ശനിയാഴ്ച വൈകിട്ട് അമ്മപ്പെട്ടൈ ബൈപ്പാസിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഗൗരിനന്ദ മരിച്ചത്.
എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശൂർ സ്വദേശികളായ വൈശാൽ (27), സുകില (20),അനാമിക (20) എന്നിവരാണ് കടലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.
ഫ്രെഡിയുടെ നൃത്ത ഗ്രൂപ്പ് പരിപാടികൾക്കായാണ് ഇവർ തമിഴ്‌നാട്ടിലെത്തിയത്.ഗായികയും നർത്തകിയുമായ ഗൗരിനന്ദ മൂന്നുവർഷമായി ചേർത്തലയിലെ പതി ഫോക്ക് മ്യൂസിക് ബാൻഡിൽ ഗായികയാണ്. പ്ലസ് ടു വിജയിച്ച ഗൗരി ബിരുദത്തിന് ചേർന്നിരുന്നു. നിരവധി സ്റ്റേജ് ഷോകളിൽ പാട്ടും നൃത്തവും അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.
കടലൂർ മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം ഇന്നു പുലർച്ചെ വീട്ടിലെത്തിക്കും. രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.