'ബെസ്റ്റി'യെ ചൊല്ലി തമ്മിലടി: സി.ഡബ്ല്യു.സിക്ക് റിപ്പോർട്ട് നൽകി
ചോറ്റാനിക്കര: 'ബെസ്റ്റി"യെ ചൊല്ലി പ്ളസ് വൺ വിദ്യാർത്ഥികൾ തമ്മിലടിച്ച സംഭവത്തിൽ പൊലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചു.വിദ്യാർത്ഥികൾക്കെതിരെ സ്‌കൂൾ അധികൃതർ പരാതി നൽകുകയും സി.ഡബ്ല്യു.സി റിപ്പോർട്ട് തേടിയതോടെയുമാണ് നടപടി.സംഭവം നാണക്കേടായതോടെ ഇന്ന് സ്‌കൂളിൽ അടിയന്തര പി.ടി.എ യോഗം ചേരുന്നുണ്ട്.കാഞ്ഞിരമറ്റത്തെ സ്വകാര്യ സ്‌കൂളിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.ക്ലാസ് മുറിയിൽ വാതിൽ അടിച്ചിട്ടായിരുന്നു തലയോലപ്പറമ്പ്,അരയങ്കാവ് സ്വദേശികളായ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്.കൂട്ടംകൂടിനിന്ന വിദ്യാർത്ഥികളിലൊരാൾ മൊബൈൽ ഫോണിൽ ദൃശ്യം പകർത്തി.വിദ്യാർത്ഥിയുടെ തല പിടിച്ചുവച്ച് ആവർത്തിച്ച് ഇടിക്കുന്നതും സഹപാഠികൾ ചുറ്റും കൂടിനിന്ന് ആക്രോശിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.ആരെയും ഭയപ്പെടുത്തും വിധം തമ്മിലടിക്കുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വിഷയത്തിൽ പൊലീസ് ഇടപെട്ടു.അന്നു തന്നെ പൊലീസ് വിദ്യാർത്ഥികളെ താക്കീത് ചെയ്തിരുന്നു.സ്‌കൂളിൽ ഫോൺ കൊണ്ടുവന്ന് വീഡിയോ പകർത്തിയ വിദ്യാർത്ഥിക്കെതിരെയും നടപടി വന്നേക്കും.ഫോൺ കൊണ്ടുവന്ന വിദ്യാർത്ഥിയുടെ പിതാവ് മൊബൈൽ ഇന്നലെ പൊലീസിന് കൈമാറി.
ബെസ്റ്റി എന്നാൽ കാമുകനെക്കാൾ പ്രാധാന്യം കുറവ്,എന്നാൽ സുഹൃത്തിനെക്കാൾ പ്രാധാന്യം കൂടുതൽ.ഇതാണ് ബെസ്റ്റി എന്നതിന് ന്യൂജെൻ കുട്ടികളുടെ നിർവചനം.ബെസ്റ്റിയും കാമുകനും തമ്മിലാണ് അടിപിടി പതിവ്.ബെസ്റ്റി ആരെന്ന് ഉറപ്പിക്കുന്നതിനായിരുന്നത്രേ കാഞ്ഞിരമറ്റം സ്‌കൂളിലെ ഇടി.