കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്
കണ്ണൂർ: എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയതിന് പിന്നിൽ പരീക്ഷയ്‌ക്ക് മാർക്ക് കുറഞ്ഞതിലെ മനോവിഷമമാണെന്ന് പൊലീസ്. ഇന്നലെ വൈകിട്ടാണ് പരിയാരം പിലാത്തറ മേരിമാത സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അജുൽരാജിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
12കാരനായ അജുൽരാജ് പിലാത്തറ സ്വദേശി രാജേഷിന്റെയും വിജിനയുടെയും മകനാണ്. മാർക്ക് കുറഞ്ഞതിൽ വിഷമമുണ്ടെന്ന് കുട്ടി വീട്ടിൽ പറഞ്ഞിരുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതായും അവർ പറഞ്ഞു. സംഭവത്തിൽ പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
അടുത്തിടെയായി വിദ്യാർത്ഥികളിലെ ആത്മഹത്യ വർദ്ധിച്ചുവരികയാണ്. ദിവസങ്ങൾക്ക് മുമ്പാണ് നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കിയത്. നെയ്യാറ്റിൻകര ജിഎച്ച്‌എസ്‌എസിലെ വിദ്യാർത്ഥിനിയായിരുന്ന ഊരൂട്ടുകാല സ്വദേശിനി പ്രതിഭയാണ് മരിച്ചത്. സ്‌കൂൾ ഇഷ്‌ടമല്ലാതിരുന്നതാണ് കുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് വിവരം. എന്നാൽ, കുട്ടിയുടെ താൽപ്പര്യ പ്രകാരമാണ് നെയ്യാറ്റിൻകര സ്‌കൂളിൽ ചേർത്തതെന്നാണ് കുടുംബം പറയുന്നത്. പ്രതിഭയെ സ്‌കൂളിൽ ആരും ഒറ്റപ്പെടുത്തിയിരുന്നില്ല എന്ന് അദ്ധ്യാപകരും പറഞ്ഞു.