'വാർക്കപ്പണിക്കാരി, ഇവൾക്ക് പ്രസവിക്കാനാകില്ല, ഒപ്പം ഒരു വാക്ക് കൂടി ആ കോട്ടിട്ട മാന്യൻ എന്നെക്കുറിച്ച് പറഞ്ഞു'; ലക്ഷ്‌മി നക്ഷത്ര

Monday 04 August 2025 2:49 PM IST

ടെലിവിഷൻ അവതാരക എന്ന നിലയിൽ മാത്രമല്ല സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന രീതിയിലും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് ലക്ഷ്‌മി നക്ഷത്ര. തന്റെ യൂട്യബ് ചാനലിലൂടെ ഓരോ സംഭവത്തെക്കുറിച്ചും ലക്ഷ്‌മി വീഡിയോകളിടാറുണ്ട്. ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം ലക്ഷ്‌മി നക്ഷത്ര പങ്കുവച്ച വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തനിക്കുണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ചാണ് അവർ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.

'എന്നെ വളരെയധികം വേദനിപ്പിക്കുന്ന സംഭവമായിരുന്നു അത്. 50 വയസ് കഴിഞ്ഞ ഒരാളിൽ നിന്നാണ് ദുരനുഭവം ഉണ്ടായത്. ഒരു റിയാക്ഷൻ വീഡിയോയിൽ വളരെ മോശമായി അയാൾ എന്നെക്കുറിച്ച് പറഞ്ഞു. അയാൾ ആരാണെന്ന് ഞാൻ പറയുന്നില്ല. ഞാൻ കാരണം അയാൾക്കൊരു പ്രൊമോഷൻ ആകണ്ട. കോട്ടൊക്കെ ഇട്ടാണ് അയാൾ വീഡിയോ ചെയ്യുന്നത്. എന്നെക്കുറിച്ച് ഒരുപാട് മോശമായി അയാൾ സംസാരിച്ചു. വാർക്കപ്പണിക്കാരി എന്നാണ് അയാൾ എന്നെ വിശേഷിപ്പിച്ചത്. എനിക്ക് ഒരിക്കലും പ്രസവിക്കാൻ പറ്റില്ലെന്ന് അയാൾ പറഞ്ഞു. അതാണ് എന്നെ ഏറ്റവുമധികം വേദനിപ്പിച്ചത്. ഒരു വാക്ക് കൂടി ഉപയോഗിച്ചു. അതെന്താണെന്ന് ഞാൻ പറയുന്നില്ല.

അങ്ങനെ ഞാൻ കേസ് കൊടുത്തു. പുള്ളിയെ സ്റ്റേഷനിൽ വിളിപ്പിച്ചു. നേരിട്ട് കണ്ടപ്പോൾ വളരെ വിനയത്തോടെയായിരുന്നു പെരുമാറ്റം. എനിക്ക് ഒരു കുഴപ്പവുമില്ല പൂർണ ആരോഗ്യവതിയാണെന്ന് ഞാൻ അയാളോട് പറഞ്ഞു. കാശിന് അത്യാവശ്യമുണ്ടായിരുന്നു, അതിനാലാണ് ആ വീഡിയോ ചെയ്‌തതെന്നായിരുന്നു അയാളുടെ മറുപടി. അന്നുതന്നെ അയാൾ മാപ്പ് പറഞ്ഞുകൊണ്ട് പുതിയ വീഡിയോ ചെയ്‌തു. പിന്നീട് ഞാൻ കേസ് പിൻവലിച്ചു ' - ലക്ഷ്‌മി പറഞ്ഞു.