കാർ തോട്ടിൽ മറിഞ്ഞു, എംസി റോഡിൽ യുവാവിന് ദാരുണാന്ത്യം
കൊട്ടാരക്കര: എംസി റോഡിലുണ്ടായ കാറപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പുത്തൂർ സ്വദേശി അനു വിശാഖ് (26) ആണ് മരിച്ചത്. കൊട്ടാരക്കരയിൽ നിന്ന് അടൂർ ഭാഗത്തേക്ക് പോകുന്നതിനിടെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെ എംസി റോഡിലെ ഇഞ്ചക്കാട്ട് കൊടിയാട്ട് ക്ഷേത്രത്തിനടുത്താണ് അപകടം നടന്നത്.
നാട്ടുകാരും വഴിയാത്രക്കാരും കാർ വെട്ടിപ്പൊളിച്ചാണ് ഗുരുതരമായി പരിക്കേറ്റ അനുവിനെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് വൈദ്യുതി പോസ്റ്റുകൾ ഉൾപ്പെടെ ക്ഷേത്ര ബോർഡുകളിൽ ഇടിച്ച് തെറിപ്പിച്ചുകൊണ്ട് ഒരു തോട്ടിലേക്ക് വാഹനം മറിയുകയായിരുന്നു. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെത്തുടർന്ന് പുലർച്ചെ രണ്ട് മണി മുതൽ പ്രദേശത്ത് വൈദ്യുതി തടസ്സമുണ്ടായി. ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി കെഎസ്ഇബി റിപ്പോർട്ട് ചെയ്തു.