പനിയും പകർച്ച വ്യാധികളും പടരുന്നു; കരുതലോടെ ജില്ല
കൊച്ചി: ജില്ലയിലുടനീളം പനിയും മറ്റ് പകർച്ചവ്യാധികളും വീണ്ടും പടരുകയാണ്. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, മലേറിയ, ഇൻഫ്ളുവൻസ, വയറിളക്ക രോഗങ്ങൾ തുടങ്ങിയവയുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 25 മുതൽ ആഗസ്റ്റ് ഒന്നു വരെയുള്ള ദിവസങ്ങളിലെ മാത്രം കണക്കുകൾ പ്രകാരം ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ ബാധിച്ച് മൂന്നു പേർ മരിച്ചു.
നെല്ലിക്കുഴി സ്വദേശിയായ 56കാരൻ ഡെങ്കിപ്പനി ബാധിച്ചും മുളന്തുരുത്തി സ്വദേശിയായ 56കാരൻ എലിപ്പനി ബാധിച്ചുമാണ് മരിച്ചത്. പാതാളം സ്വദേശിയായ 52 കാരൻ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ഈ ദിവസങ്ങളിൽ വൈറൽപനി ബാധിച്ച് 6640 പേരാണ് ചികിത്സ തേടിയത്. 166 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെയെത്തിയ 174ൽ പേരിൽ 53 പേരെ കിടത്തിച്ചികിത്സയ്ക്ക് വിധേയരാക്കി.
17 പേർക്ക് എലിപ്പനി ബാധിച്ചപ്പോൾ 13 പേർക്ക് മലേറിയ സ്ഥിരീകരിച്ചു. 1103 പേരെ വയറിളക്ക രോഗങ്ങളുമായി ചികിത്സതേടി.
സ്‌കൂൾ അടയ്ക്കണമെന്ന് ആവശ്യം
ഫെബ്രുവരി അവസാനത്തോടെ മെനഞ്ചൈറ്റിസ് ബാധിച്ച് കുട്ടികൾ ചികിത്സയിലായതിനെത്തുടർന്ന് അടച്ചിടേണ്ടി വന്ന കളമശേരിയിലെ സ്‌കൂളിൽ ഇത്തവണയും പകർച്ചവ്യാധി പടർന്നിട്ടുണ്ട്. ഒന്നിലേറെ വിദ്യാർത്ഥികൾക്ക് എച്ച്1എൻ1ഉം പകർച്ചപ്പനിയുമുണ്ട്. ക്ലാസുകൾ ഓൺലൈൻ ആക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടെങ്കിലും ആശങ്ക വേണ്ടെന്ന നിലപാടിലാണ് അധികൃതർ.
കുസാറ്റ് നാളെ തുറക്കും
എച്ച്1എൻ1ഉം ചിക്കൻ പോക്‌സും പടർന്നതിനെത്തുടർന്ന് അഞ്ച് ദിവസം ക്ലാസുകൾ ഓൺലൈനാക്കിയ കുസാറ്റ് ക്യാമ്പസിൽ ഓഫ്‌ലൈൻ ക്ലാസുകൾ ഇന്ന് തുടങ്ങും.
വീണ്ടും മാസ്‌ക് പകർച്ചപ്പനിയും പകർച്ചവ്യാധികളും കൂടിയതോടെ മാസ്‌കിന്റെ ഉപയോഗവും വ്യാപകമായി വർദ്ധിച്ചു. ആശുപത്രി ജീവനക്കാർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ജില്ലയിലെ പല സ്‌കൂളുകളും കുട്ടികളോട് മാസ്‌ക് ധരിച്ചുവരാൻ നിർദ്ദേശം നൽകി. പൊതുവിടങ്ങളിലും മാസ്‌ക് ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.
പകർച്ചവ്യാധി ബാധിത പ്രദേശങ്ങൾ എലിപ്പനി: അങ്കമാലി, തൃപ്പൂണിത്തുറ, നായരമ്പലം, കളമശേരി, കൂനമ്മാവ്, വടവുകോട്, ചേരാനല്ലൂർ, കാക്കനാട്, ചമ്പക്കര.
മലേറിയ: രാമമംഗലം, പട്ടിമറ്റം, ആലുവ, പെരുമ്പാവൂർ, മലയിടുംതുരുത്ത്, കാഞ്ഞൂർ, കാലടി, അയ്യമ്പിള്ളി.
ഡെങ്കിപ്പനി: വെങ്ങോല, മുളവുകാട്, ചെങ്ങമനാട്, കൂവപ്പടി, പുതുവൈപ്പ്, നെടുമ്പാശേരി, തമ്മനം, കടയിരുപ്പ്, കലൂർ.
പനി ബാധിതരുടെ എണ്ണം (തീയതി, വൈറൽ പനി, ഡെങ്കി, എലിപ്പനി, മഞ്ഞപ്പിത്തം, മലേറിയ, ഇൻഫ്ലുവെൻസ, വയറിളക്കം എന്ന കണക്കിൽ. അഡ്മിറ്റാക്കിയവരുടെ എണ്ണം ബ്രായ്ക്കറ്റിൽ)
01----864(22)----17 (15)----3----7----0----26----26 31----822(26)---- 22 (1)----1----5----1----74----162 30----816(24)----28 (6)----2----7----0----65----167 29----910(28)----24 (11)----3----11----4----74----219 28----1,089(24)----5(2)----0----0----0----14----184 27----389(4 )----21(6)----2----11----4----30----68 26----922(29)----28(4)----4----5----4----21----144 25----828(9)----29(8)----2----23----0----66----133
ആകെ----6,640(166)----174(53)----17----69----13----370----1,103