ഈ വര്‍ഷം സമ്മാനഘടനയില്‍ പുതുമ; മണിക്കൂറുകള്‍ക്കുള്ളില്‍ ഓണം ബമ്പര്‍ ടിക്കറ്റുകള്‍ വിറ്റഴിയുന്നു

Monday 04 August 2025 6:36 PM IST

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന് ഇത്തവണയും വന്‍ ഡിമാന്‍ഡ്. സംസ്ഥാന ഭാഗ്യക്കുറിയില്‍ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ടിക്കറ്റ് പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് ആളുകള്‍ വാങ്ങി കൂട്ടുനന്ത്. 25 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ഭാഗ്യക്കുറി ദിവസങ്ങള്‍ക്കു മുമ്പാണ് വിപണിയില്‍ എത്തിയത്. ആദ്യ ഘട്ടത്തില്‍ 20 ലക്ഷം ടിക്കറ്റുകള്‍ വില്‍പനക്കെത്തിയതില്‍ തിങ്കളാഴ്ച ഉച്ചവരെ 13 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റു പോയിട്ടുണ്ടെന്നാണ് ഒദ്യോഗിക കണക്കുകള്‍.

ഒരു കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും 50 ലക്ഷം വീതം 20 പേര്‍ക്കു മൂന്നാം സമ്മാനവും അഞ്ചു ലക്ഷം വീതം 10 പരമ്പരകള്‍ക്ക് നാലാം സമ്മാനവും രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്ക് അഞ്ചാം സമ്മാനവും നല്‍കുന്നതിലൂടെ പുതുമയുള്ള സമ്മാനഘടനയാണ് ഇത്തവണത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി മുന്നോട്ടു വയ്ക്കുന്നത്. 500 രൂപ ടിക്കറ്റു വിലയുള്ള തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിക്ക് 5,000 രൂപയില്‍ തുടങ്ങി 500 രൂപയില്‍ അവസാനിക്കുന്ന സമ്മാനങ്ങളുമുണ്ട്. സെപ്റ്റംബര്‍ 27 നാണ് ഈ വര്‍ഷത്തെ നറുക്കെടുപ്പ് നടക്കുക.

സംസ്ഥാനത്തെ മിക്ക ലോട്ടറി കടകളിലും തിരുവോണം ബമ്പര്‍ ടിക്കറ്റിന് ആവശ്യക്കാര്‍ എത്തുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളും അതിര്‍ത്തി ജില്ലകളില്‍ നിന്നുള്ളവരും കേരളത്തിന്റെ ബമ്പര്‍ ലോട്ടറി ടിക്കറ്റ് എടുക്കാനായി പണം മുടക്കുന്നുണ്ടെന്നാണ് ലോട്ടറി വ്യാപാരികള്‍ പറയുന്നത്. ഉയര്‍ന്ന സമ്മാനത്തുക തന്നെയാണ് കൂടുതല്‍ ആളുകളെ തിരുവോണം ബമ്പര്‍ ആകര്‍ഷിക്കുന്നതെന്നാണ് ലോട്ടറി വ്യാപാരികള്‍ പറയുന്നത്.