എവിടെ നിന്നെങ്കിലും വലിഞ്ഞു കേറി വന്നവരല്ല,​ അഭിപ്രായം പറയാൻ ഗായകർക്കും അവകാശമുണ്ട്

Monday 04 August 2025 10:43 PM IST

തിരുവനന്തപുരം : ഗായിക പുഷ്പവതിക്കെതിരായ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ ഗായകരുടെ സംഘടനയായ സമം രംഗത്ത്. ചലച്ചിത്ര അക്കാദമിയിൽ നിന്നും സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും സമം ഭാരവാഹികൾ എന്ന നിലയിലും വ്യക്തിപരമായും പ്രമുഖരായ പിന്നണി ഗായകരെ സിനിമ കോൺക്ലേവിലേക്ക് ക്ഷണിച്ചിരുന്നു. അല്ലാതെ ഗായകർ എവിടെ നിന്നെങ്കിലും വലിഞ്ഞു കേറി വന്നവരല്ലെന്നും സംഘടനയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

സമത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചലച്ചിത്ര പിന്നണി ഗായിക പുഷ്പവതിയെക്കുറിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവനക്കെതിരെ സമം ശക്തമായി പ്രതിഷേധിക്കുന്നു. ചലച്ചിത്ര അക്കാഡമിയിൽ നിന്നും സാംസ്കാരികവകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും സമം ഭാരവാഹികൾ എന്ന നിലയിലും വ്യക്തിപരമായും പ്രമുഖരായ പിന്നണി ഗായകരെ സിനിമ കോൺക്ലേവിലേക്ക് ക്ഷണിച്ചിരുന്നു.

അല്ലാതെ, അടൂർ ഗോപാലകൃഷ്ണൻ പറയുന്നതു പോലെ ഗായകർ കോൺക്ലേവിലേക്ക് എവിടെനിന്നെങ്കിലും വലിഞ്ഞുകേറി വന്നവരല്ല.

കേരള സർക്കാരിന്റെ പുതിയ ചലച്ചിത്രനയരൂപീകരണവുമായി ബന്ധപ്പെട്ട കോൺക്ലേവിൽ അഭിപ്രായം പറയാൻ ഗായകർക്ക് അവകാശമുണ്ട്.

മലയാള സിനിമയുടെ സമസ്തമേഖലയിലും പ്രവർത്തിക്കുന്നവർ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്ന വേദിയിൽ ഗായകർക്കെന്തു കാര്യം എന്നു ചോദിക്കുന്നത് , രംഗത്തു വന്ന് ആറു പതിറ്റാണ്ടോളമായിട്ടും സിനിമയിൽ സംഗീതത്തിന്റെയും ഗാനങ്ങളുടെയും പ്രസക്തി മനസ്സിലാക്കാത്തതു കൊണ്ടാവാം. സ്വന്തം സിനിമയിൽ ഗാനങ്ങളോ പശ്ചാത്തലസംഗീതമോ വേണ്ട എന്നു തീരുമാനിക്കാൻ അടൂരിനു സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഗായകരും മറ്റു സംഗീതവിഭാഗക്കാരും സിനിമയുടെ ഭാഗമല്ല എന്ന നിലപാട് അത്യന്തം പ്രതിഷേധാർഹമാണ്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിരവധി അതിപ്രശസ്തങ്ങളായ പാട്ടുകൾക്ക് ശബ്ദം നൽകിയ ഗായികയും സമം മുൻ ഭരണസമിതി അംഗവും കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർപെഴ്സണുമായ പുഷ്പവതിയെ തിരിച്ചറിയാൻ കഴിയാതെ പോയതിൽ നിന്നും അടൂർ ഗോപാലകൃഷ്ണൻ സമകാലിക സിനിമാസംഗീതത്തെക്കുറിച്ചും സർക്കാർ സംവിധാനങ്ങളെക്കുറിച്ചും തീർത്തും അജ്ഞനാണെന്നു വ്യക്തമാകുന്നു.

വിനോദോപാധി എന്ന നിലയിൽ, സിനിമയിൽ സംഗീതത്തിന്റെയും പാട്ടുകളുടെയും പ്രാധാന്യം ഉൾക്കൊള്ളാനും സിനിമാസംഗീതരംഗത്തുള്ളവരെ അംഗീകരിക്കാനും തയ്യാറാവാത്തതു കൊണ്ടാവാം ഇത്തരം വില കുറഞ്ഞ പ്രസ്താവനകൾ അദ്ദേഹം നടത്തിയത്. തന്റെ അറിവില്ലായ്മ കൊണ്ട് സമുന്നതയായ ഒരു കലാകാരിയെയും ഗായകസമൂഹത്തെയും അപമാനിച്ച അടൂർ ഗോപാലകൃഷ്ണൻ പൊതുസമൂഹത്തോടു മാപ്പു പറയണം.

പിന്നണിഗായിക എന്ന നിലയിൽ സാമൂഹിക വിഷയങ്ങളിൽ ശക്തമായി ഇടപെടുന്ന പുഷ്പവതിക്ക് സമം സമ്പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു.