കോന്നി ട്രാൻ.ഡിപ്പോ നിർമ്മാണം അവസാനഘട്ടത്തിൽ

Tuesday 05 August 2025 12:48 AM IST

കോന്നി : കെ.എസ്.ആർ.ടി.സി ട്രാൻ.ഡിപ്പോ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. എച്ച്.എൽ.എൽ നിർവഹണം ഏറ്റെടുത്തിരുന്ന ബസ് സ്റ്റേഷന്റെ കോൺക്രീറ്റ് യാർഡ്, ഓഫീസ് കെട്ടിടത്തിന്റെ പണികൾ എന്നിവ പൂർത്തീകരിച്ചു. ഇലക്ട്രിക്കൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള പണികളും പൂർത്തിയായി. പൊതുമരാമത്ത് നിരത്ത് വിഭാഗം നിർവഹണം നടത്തുന്ന സ്റ്റേഷൻ യാർഡ് ടാറിംഗ് പൂർത്തീകരിച്ചിട്ടുണ്ട്. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് പുതിയതായി അനുവദിച്ച 55 ലക്ഷം രൂപ ഉപയോഗിച്ച് സ്റ്റാൻഡിനു ചുറ്റും ഫെൻസിംഗ് സ്ഥാപിക്കൽ, സിവിൽ വർക്ക് കെട്ടിടത്തിന്റെ സിവിൽ വർക്ക് പൂർത്തീകരിക്കൽ എന്നിവയാണ് നടത്തിയത്. ഇതിൽ ചുറ്റുവേലിയുടെ നിർമ്മാണവും പെയിന്റിംഗ് പണികളുമാണ് ബാക്കിയുള്ളത്.

എം.എൽ.എ ഫണ്ടിൽ നിന്ന് 4.5 കോടി രൂപയും കെ.എസ്.ആർ.ടി.സി 1.95 കോടി രൂപയും സ്റ്റാൻഡ് നിർമ്മാണതിന് അനുവദിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന്റെ കീഴിലാണ് പണികൾ നടക്കുന്നത്.