കൊലമറ നീക്കി: അരുംകൊലയുടെ അസ്ഥികൾ, ചേർത്തലയിൽ കിട്ടിയത് പത്തിലധികം,​ ധർമ്മസ്ഥലയിൽ പൂർണ അസ്ഥികൂടം

Tuesday 05 August 2025 12:00 AM IST

കർണാടകയിലെ ധർമ്മസ്ഥലയിലും കേരളത്തിലെ ചേർത്തലയിലും കൊലചെയ്യപ്പെട്ടുവെന്ന് സംശയിക്കുന്നവരുടെ കുഴിമാടങ്ങൾ തേടിയുള്ള അന്വേഷണത്തിൽ കൂടുതൽ അസ്ഥിക്കഷ്ണങ്ങൾ കണ്ടെത്തി. മറവു ചെയ്തെന്നു കരുതുന്ന സ്ഥലങ്ങൾ കുഴിച്ചുള്ള തെരച്ചിൽ തുടരുമ്പോഴാണ് തെളിവുകളായി ഇവ പൊന്തിവരുന്നത്. ധർമ്മസ്ഥലയിലെയും ചേർത്തലയിലെക്കും സംഭവങ്ങൾക്ക് ബന്ധമില്ലെങ്കിലും കുറ്റകൃത്യം മറച്ചുപിടിച്ചതിൽ സമാനതകളുണ്ട്.

ധർമ്മസ്ഥലയിൽ പൂർണ അസ്ഥികൂടവും

ധർമ്മസ്ഥല (കർണ്ണാടക): ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ധർമ്മസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നലെ കൂടുതൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. വനത്തിനുള്ളിലെ മാർക്ക് ചെയ്യാത്ത കുന്നിൻ മുകളിലെ പോയിന്റിൽ നിന്നാണ് അവശിഷ്ടങ്ങൾ കുഴിച്ചെടുത്തത്.

നേത്രാവതി തീരത്ത് സ്നാനഘട്ടിൽ നേരത്തെ മാർക്ക് ചെയ്തിരുന്ന മറ്റു പോയിന്റുകളിൽ നിന്ന് മാറി മുകളിൽ കയറിയും തെരച്ചിൽ നടത്തി.

കൂടുതൽ അസ്ഥികളും 33 വയസുള്ള പുരുഷന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയുൾപ്പെടെ പൂർണ അസ്ഥികൂടവും കണ്ടെത്തി.

ആരോപണവിധേയരായ ആളുകളുടെ പറമ്പുകളിൽ ഇതുവരെ തെരച്ചിൽ ആരംഭിച്ചിട്ടുമില്ല. 13 പോയിന്റുകളാണ് നേരത്തെ മാർക്ക് ചെയ്തിരുന്നത്. ആറാമത്തെ ദിവസം ആയപ്പോൾ അതിൽ 11 പോയിന്റുവരെ കുഴിച്ചു. ആറാമത്തെ പോയിന്റിൽ നിന്നാണ് 25 ഓളം അസ്ഥികൾ നേരത്തെ കണ്ടെത്തിയത്. മണ്ണിനടിയിലെ മൃതദേഹ അവശിഷ്ട സാദ്ധ്യത കണ്ടെത്താൻ ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ എത്തിക്കാൻ എസ്.ഐ.ടി സംഘം ശ്രമിക്കുന്നുണ്ട്. തെരച്ചിലിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിടുന്നില്ല. നൂറിലധികം സ്ത്രീകളെയും പെൺകുട്ടികളെയും പീഡനത്തിനുശേഷം കൊന്നുകുഴിച്ചു മൂടിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ.

ചേർത്തലയിൽ കിട്ടിയത്

പത്തിലധികം അസ്ഥികൾ

ആലപ്പുഴ /ചേർത്തല: മൂന്നു സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയെന്ന് സംശയിക്കുന്ന പള്ളിപ്പുറം ചൊങ്ങുതറയിൽവീട്ടിൽ

സെബാസ്റ്റ്യന്റെ കുടുംബസ്വത്തായ പുരയിടം കുഴിച്ചപ്പോൾ പത്തിലധികം അസ്ഥി കഷ്ണങ്ങൾ കണ്ടെത്തി.

ജെയ്നമ്മ കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് സംഘവും ബിന്ദുപത്മനാഭൻ കേസ് അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് സംഘവും ഐഷ കേസ് അന്വേഷിക്കുന്ന ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് സംഘവും സെബാസ്റ്റ്യനിലേക്ക് (68) അന്വേഷണം കേന്ദ്രീകരിച്ചു.

കഴിഞ്ഞ മാസം 28ന് ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് നടത്തിയ പരിശോധനയിൽ തലയോട്ടിയും തുടയെല്ലും ക്ലിപ്പിട്ട പല്ലിന്റെ അവശിഷ്ടവും ലഭിച്ചിരുന്നു. ഇന്നലെ ലഭിച്ചവ ഇതിന്റെ ബാക്കിയാണോ എന്ന് വ്യക്തമായിട്ടില്ല. ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചു.

കുളം വറ്റിച്ചപ്പോൾ, ബാഗ്, സാരിയുടെ ഭാഗം, തുണികഷ്ണങ്ങൾ ലഭിച്ചു. കഡാവർ നായ 'എയ്ഞ്ചൽ' കൊന്തയുടെ ഭാഗം കണ്ടെത്തി.

രണ്ടാമത്തെ കുളം വറ്റിച്ചപ്പോൾ അസ്ഥികൾ കിട്ടി.

ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. കിണർ വറ്റിച്ചുള്ള പരിശോധന രാത്രിയിലും തുടർന്നു.ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് ഭൂമിക്കടിയിലെ അസ്ഥികളുടെ സാന്നിദ്ധ്യം കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്.

ഏറ്റുമാനൂർ സ്വദേശിനി ജെയ്മമ്മയെ കാണാതായ കേസിന്റെ അന്വേഷണത്തിനിടെ അവരുടെ ഫോൺനമ്പർ സെബാസ്റ്റ്യൻ ഈരാറ്റുപേട്ടയിലെ കടയിലെത്തി റീചാർജ്ജ് ചെയ്തത് കണ്ടെത്തിയിരുന്നു. ഇതോടെയാണ് സെബാസ്റ്റ്യൻ അറസ്റ്റിലായത്.

തുടർന്നാണ് ബിന്ദു പത്മനാഭൻ, ഐഷ എന്നീ സ്ത്രീകളുടെ തിരോധാനകേസുകൾ വീണ്ടും ഉയർന്നുവന്നത്.

കുലുക്കമില്ലാതെ സെബാസ്റ്റ്യൻ

പള്ളിപ്പുറത്തെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് 12.40നാണ് സെബാസ്റ്റ്യനെ എത്തിച്ചത്. ഒരുമണിയോടെ പറമ്പിൽ കുഴിയെടുക്കാൻ തുടങ്ങി.

മൂന്ന് അന്വേഷണ സംഘങ്ങളും മണിക്കൂറുകളോളം വീടിനുള്ളിലിരുത്തി സെബാസ്റ്റ്യനെ ചോദ്യം ചെയ്തു. മൂന്ന് സ്ത്രീകളെയും പരിചയമുണ്ടെന്നും സാമ്പത്തികഇടപാടുകളുണ്ടെന്നും സമ്മതിച്ച സെബാസ്റ്റ്യൻ, ഇവർക്ക് എന്ത് സംഭവിച്ചു എന്നതിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.