ഉദ്യോഗസ്ഥർക്കും പ്രഥമാദ്ധ്യാപികയ്ക്കും സസ്പെൻഷൻ

Tuesday 05 August 2025 12:11 AM IST

തിരുവനന്തപുരം: മകന്റെ എൻജിനിയറിംഗ് പഠനത്തിന് പണം കണ്ടെത്താനാവാതെ അദ്ധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. പ്രഥമാദ്ധ്യാപികയെ സസ്പെൻഡ് ചെയ്യാൻ മാനേജർക്ക് നിർദ്ദേശവും നൽകി. 13 വർഷമായി ശമ്പളം ലഭിക്കാത്ത അദ്ധ്യാപികയുടെ ശമ്പളവും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ വീഴ്ചവരുത്തിയ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പി.എ അനിൽകുമാർ എൻ.ജി., സൂപ്രണ്ട് ഫിറോസ്.എസ്, സെക്ഷൻ ക്ലർക്ക് ബിനി.ആർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

മന്ത്രിയുടെ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശമ്പള കുടിശ്ശിക അനുവദിക്കുന്നതിൽ തുടർനടപടികൾ സ്വീകരിക്കാതെ ഫയൽ തീർപ്പാക്കുകയും സ്പാർക്ക് ഓതന്റിഫിക്കേഷന് സ്‌കൂൾ പ്രഥമാദ്ധ്യാപിക നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാതെ താമസിപ്പിക്കുകയും ചെയ്തതിനാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.