ക്ഷേമനിധിയും​ പെൻഷനും മുടങ്ങി മരുന്നിനു പോലും വഴിയില്ലാതെ വിരമിച്ച അങ്കണവാടി ജീവനക്കാ‌ർ

Tuesday 05 August 2025 12:15 AM IST

മലപ്പുറം: ''39 വർഷം അങ്കണവാടി വർക്കറായിരുന്നു. ഏകമകന് ശാരീരികാസ്വസ്ഥതകളും. ആനൂകൂല്യം തേടി ക്ഷേമനിധി ഓഫീസ് കയറിയിറങ്ങി മടുത്തു. മരുന്നിന് പോലും വഴിയില്ല.'' മലപ്പുറം മേലാറ്റൂരിലെ അങ്കണവാടിയിൽ നിന്ന് 2023ൽ വിരമിച്ച 65കാരി പുതുക്കുടി വീട്ടിൽ സരോജിനി പറയുന്നു.

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് വെൽഫെയർ ബോർഡിൽ നിന്നുള്ള ആനുകൂല്യങ്ങളും പെൻഷനും മുടങ്ങിയതോടെ, വിരമിച്ച അങ്കണവാടി ജീവനക്കാർ ദുരിതത്തിലായി.

2023 മുതൽ വിരമിച്ചവർക്ക് ക്ഷേമനിധി ആനുകൂല്യങ്ങൾ നൽകിയിട്ടില്ല. 2023ൽ 1,800 പേരും 2024ലും 2025ലും 2,500ഓളം പേരും വിരമിച്ചിട്ടുണ്ട്. സർവീസ് കാലയളവും ക്ഷേമനിധി വിഹിതവും കണക്കാക്കിയാൽ അമ്പതിനായിരം മുതൽ ഒരുലക്ഷം രൂപ വരെ ലഭിക്കും. വർക്കമാരിൽ നിന്ന് 500 രൂപയും ഹെൽപ്പർമാരിൽ നിന്ന് 250 രൂപയും മാസംതോറും ക്ഷേമനിധിയിലേക്ക് പിടിച്ചിട്ടുണ്ട്. അംശദായ വിഹിതത്തിന്റെ 20 ശതമാനം സർക്കാരും നൽകും. വിരമിക്കുമ്പോൾ ഈ വിഹിതങ്ങളും എട്ട് ശതമാനം പലിശയും, വർക്കർമാർക്ക് 15,000 രൂപയും ഹെൽപ്പർമാർക്ക് 10,000 രൂപയും ചേർത്താണ് ക്ഷേമനിധി ആനുകൂല്യം നൽകേണ്ടത്. ഇതിനുള്ള മതിയായ ഫണ്ട് കൈവശമില്ലെന്നാണ് ക്ഷേമനിധി ബോർഡ് പറയുന്നത്. സർക്കാർ സഹായധനം അനുവദിക്കേണ്ടിവരും.

പെൻഷനും മുടങ്ങി പെൻഷൻ വിഹിതമായി വർക്കർമാർക്ക് മാസം 2,500 രൂപയും ഹെൽപ്പർമാർക്ക് 1,500 രൂപയും ലഭിക്കുന്നത് മൂന്ന് മാസമായി മുടങ്ങിയിട്ടുണ്ട്. 20,000ത്തോളം പേർക്ക് പെൻഷൻ അനുവദിക്കാൻ മാസം നാല് കോടിയോളം രൂപയാണ് വേണ്ടത്. പെൻഷൻ മിക്കപ്പോഴും കൃത്യമായി ലഭിക്കാറില്ല. 2025ൽ വിരമിച്ചവരുടെ പെൻഷൻ അപേക്ഷകളിൽ ഇതുവരെ നടപടിയെടുത്തിട്ടില്ല.

ജീവനക്കാരുടെ ഓണറേറിയം വർക്കർ: 13,000 രൂപ

ഹെൽപ്പർ: 9,000 രൂപ