അഞ്ചാംദിനം, രോമാഞ്ചം !
ഓവലിൽ ഇന്ത്യയുടെ വിസ്മയ വിജയം, പരമ്പര 2-2ന് സമനിലയിൽ
അഞ്ചാം ടെസ്റ്റിന്റെ അഞ്ചാം ദിനം ഇന്ത്യ ഇംഗ്ളണ്ടിനെ തോൽപ്പിച്ചത് ആറു റൺസിന്
ഇരു ഇന്നിംഗ്സുകളിലുമായി 9 വിക്കറ്റ് നേടി സിറാജ് പ്ളേയർ ഒഫ് ദ മാച്ച്.
അഞ്ചുകളികളിൽ നാലുസെഞ്ച്വറിയടക്കം നേടി ഗിൽ പ്ളേയർ ഒഫ് ദ സിരീസ്.
ഓവൽ : ടെസ്റ്റ് ക്രിക്കറ്റിന് ഇങ്ങനെയും കാണികളെ ത്രില്ലടിപ്പിക്കാൻ കഴിയുമെന്ന് ഓവലിൽ ഇന്നലെ ഇന്ത്യയും ഇംഗ്ളണ്ടും തെളിയിച്ചു. ഓരോ പന്തും ഓരോ റണ്ണും നിർണായകമായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാംദിനം ലോക ക്രിക്കറ്റിന്റെ ചരിത്രത്തിൽതന്നെ അവിസ്മരണീയമാക്കി മാറ്റിയാണ് ഇന്ത്യ ആറു റൺസിന്റെ വിജയം നേടിയത്. ഇതോടെ 3-1ന് തോൽക്കാൻ സാദ്ധ്യതയുണ്ടായിരുന്ന അഞ്ചുമത്സര പരമ്പര 2-2ന് സമനിലയിലാക്കാൻ ശുഭ്മാൻ ഗില്ലിന്റെ യുവ ഇന്ത്യയ്ക്ക് കഴിഞ്ഞു. ആദ്യ ഇന്നിംഗ്സിൽ 23 റൺസിന്റെ ലീഡ് വഴങ്ങിയ ശേഷമായിരുന്നു ഓവലിലെ ഇന്ത്യയുടെ ജയം.
മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റ് സമനിലയിൽ പിടിച്ച ആത്മവിശ്വാസവുമായി ഓവലിൽ അവസാനമത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് വിജയം അനിവാര്യമായിരുന്നു. ടോസ് കിട്ടിയിട്ടും ഇന്ത്യയെ ആദ്യബാറ്റിംഗിന് വിട്ട ഇംഗ്ളണ്ടിനെതിരെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ പുറത്തായത് 224 റൺസിന്. 57 റൺസടിച്ച കരുൺ നായരായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. സാക്ക് ക്രാവ്‌ലി (64), ഹാരി ബ്രൂക്ക് (53) എന്നിവരുടെ മികവിൽ ഇംഗ്ളണ്ട് 247 റൺസ് നേടി. രണ്ടാം ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാളിന്റെ (118) സെഞ്ച്വറിയും ആകാശ്ദീപിന്റേയും (66), രവീന്ദ്ര ജഡേജയുടേയും (53), വാഷിംഗ്ടൺ സുന്ദറിന്റേയും (53) അർദ്ധസെഞ്ച്വറികളും ഇന്ത്യയെ 369ലെത്തിച്ചു.
ഇതോടെ 374 റൺസിന്റെ വിജയലക്ഷ്യവുമായി നാലാം ദിനം ഇറങ്ങിയ ഇംഗ്ളണ്ടിനെ 106/3 എന്ന നിലയിൽ നിന്ന് 301/6ലേക്കെത്തിച്ച ജോ റൂട്ടും (105),ഹാരി ബ്രൂക്കുമാണ് (111) കളി ആവേശകരമാക്കിയത്. നാലാംദിനം ഇരുവരെയും പുറത്താക്കി 339/6 എന്ന സ്കോറിൽ കളി അവസാനിപ്പിച്ച ഇന്ത്യ അവസാനദിനത്തിലേക്ക് അത്ഭുതം കാത്തുവച്ചത്.
അഞ്ചാം ദിനത്തിലെ നെഞ്ചിടിപ്പ്
1.രണ്ട് റൺസുമായി ജെയ്മീ സ്മിത്തും റൺസില്ലാതെ ജെയ്മി ഓവർട്ടണും അഞ്ചാം ദിനം ക്രീസിലേക്ക് എത്തുമ്പോൾ ഇംഗ്ളണ്ടിന് ജയിക്കാൻ വേണ്ടത് 35 റൺസായിരുന്നു. ഫീൽഡിംഗിനിടെ തോളെല്ലിന് പൊട്ടലേറ്റ ക്രിസ് വോക്സ് ആദ്യ ഇന്നിംഗ്സിലേതുപോലെ ബാറ്റിംഗിനിറങ്ങാതിരുന്നാൽ ഇന്ത്യയ്ക്ക് മൂന്നുവിക്കറ്റ് വീഴ്ത്തിയാൽ ജയിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.
2. രാവിലത്തെ രണ്ടാം ഓവറിൽതന്നെ സിറാജ് സ്മിത്തിനെ(2) കീപ്പർ ജുറേലിന്റെ കയ്യിലെത്തിച്ചു. നാലാമത്തെ ഓവറിന്റെ അഞ്ചാം പന്തിൽ ഓവർട്ടണിനെയും (9) സിറാജ് മടക്കി അയച്ചു. വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് ഓവർട്ടൺ മടങ്ങിയത്. ഇതോടെ ഇംഗ്ളണ്ട് 354/8 എന്ന നിലയിലായി. ജയിക്കാൻ വേണ്ടിയിരുന്നത് 20 റൺസ്.
3. ഏഴാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയുടെ യോർക്കറിൽ ജോഷ് ടംഗ് (0) ക്ളീൻ ബൗൾഡ്. കണ്ണുകൾ ഇംഗ്ളീഷ് ഡ്രെസിംഗ് റൂമിലേക്ക്. സ്ലിംഗിലിട്ട ഇടംകൈ നെഞ്ചോടുചേർത്ത് ഒറ്റക്കയ്യിൽ ബാറ്റുമായി ക്രിസ് വോക്സ് ഗ്രൗണ്ടിലേക്കിറങ്ങിയപ്പോൾ കാണികൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.
4. വോക്സിന് സ്ട്രൈക്ക് നൽകാതെ കൂറ്റൻ ഷോട്ടുകളിലൂടെ സ്കോർ ഉയർത്താനായിരുന്നു ഗസ് അറ്റ്കിൻസണിന്റെ ശ്രമം. സിറാജിനെ ഉയർത്തയടിച്ചത് പിടിക്കാൻ ആകാശ്ദീപിന് കഴിയാതെ വന്നപ്പോൾ സിക്സായി. ഇംഗ്ളണ്ടുകാരിലേക്ക് ആത്മവിശ്വാസം തിരികെവന്നു.
5. ഓവറുകളുടെ അവസാനപന്തുകളിൽ ബുദ്ധിപൂർവം സിംഗിളെടുത്ത് സ്ട്രൈക്ക് നിലനിറുത്തി അറ്റ്കിൻസണിനെ രാവിലത്തെ പത്താം ഓവറിന്റെ ആദ്യ പന്തിൽ ക്ളീൻ ബൗൾഡാക്കി സിറാജിന്റെ സർജിക്കൽ സ്ട്രൈക്ക്. ആവേശഭരിതരായി ഇന്ത്യൻ താരങ്ങളും ആരാധകരും.
സ്കോർ കാർഡ്
ഇന്ത്യ ആദ്യ ഇന്നിംഗ്സ് 224
ഇംഗ്ളണ്ട് ആദ്യ ഇന്നിംഗ്സ് 247
ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 396
ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സ് 367
സിറാജ് പ്ളേയർ ഒഫ് ദ സിരീസ്
ആദ്യ ഇന്നിംഗ്സിൽ 4/86, രണ്ടാം ഇന്നിംഗ്സിൽ 5/104