ഓൺലൈനിന് സാങ്കേതിക തകരാർ: ഒറ്റത്തവണ കെട്ടിട നികുതി പിരിവ് മുടങ്ങി, കെട്ടിടത്തിന് നമ്പർ ലഭിക്കുന്നില്ല
തിരുവനന്തപുരം: ഓൺലൈൻ സംവിധാനത്തിലെ സാങ്കേതിക തകരാർ കാരണം സംസ്ഥാനത്ത് കെട്ടിടങ്ങളുടെ ഒറ്റത്തവണ നികുതി പിരിവ് മുടങ്ങി. പണി പൂർത്തിയാക്കുന്ന കെട്ടിടങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് കെട്ടിട നമ്പരും ലഭിക്കുന്നില്ല. സർക്കാരിന് കിട്ടേണ്ട കോടികളുടെ നികുതിയും നിലച്ചു.
ലാൻഡ് റവന്യു ഡിപ്പാർട്ട്മെന്റ് പോർട്ടലിലെ (എൽ.ആർ.ഡി) മൊഡ്യൂളായ കേരള ബിൽഡിംഗ് ടാക്‌സ് സംവിധാനമാണ് ഒരു മാസമായി തകരാറിലായത്. കെട്ടിടത്തിന് നമ്പർ അനുവദിക്കും മുമ്പ് വില്ലേജ് ഓഫീസർ കണ്ട് സ്കെച്ചും വിസ്‌തൃതിയും കണക്കാക്കി തഹസിൽദാർക്ക് സമർപ്പിക്കുന്നതായിരുന്നു മുൻപത്തെ രീതി. അതിനുപകരം, കെട്ടിട ഉടമ തദ്ദേശ സ്ഥാപനത്തിൽ നൽകുന്ന സ്കെച്ച് കെ.ബി.ടി പോർട്ടലിൽ അപ് ലോഡ് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ വിസ്തീർണ്ണം നിശ്ചയിച്ച് തഹസീൽദാർക്ക് അയയ്‌ക്കുന്നതാണ് ഇപ്പോഴത്തെ രീതി. കൊല്ലം, പത്തനാപുരം പുന്നല വില്ലേജ് ഓഫീസർ ടി. അജയകുമാർ 2023ൽ കെട്ടിട പരിശോധനയ്‌ക്കിടെ വീണ് മരിച്ചിരുന്നു. തുടർന്നാണ് വില്ലേജ് ഓഫീസർമാരുടെ കെട്ടിട പരിശോധന ഒഴിവാക്കിയത്.
തകരാർ പരിഹരിക്കാതെ സി-ഡിറ്റ്
എൽ.ആർ.ഡി പോർട്ടലിന്റെ സോഫ്ട്‌വെയർ തയ്യാറാക്കിയത് സി-ഡിറ്റാണ്. ഇതിന്റെ പരിപാലനം റവന്യു വിഭാഗത്തിന്റെ ഐ.ടി സെല്ലിനും. തകരാറുകൾ സി-ഡിറ്റിൽ നിന്നുള്ള പ്രോഗ്രാമർമാരാണ് പരിഹരിക്കേണ്ടത്. ഇത് യഥാസമയം നടക്കാറില്ല. പോർട്ടലിന്റെ മേൽനോട്ടം സ്റ്റേറ്റ് ഡാറ്റാ സെന്ററിന് കൈമാറണമെന്ന് നിർദ്ദേശം നടപ്പായില്ല.
താമസത്തിനുള്ള കെട്ടിടം...................................ഒറ്റത്തവണ നികുതി (ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ )
100 മുതൽ 150 ചതുരശ്ര മീറ്റർ.................................1,950.........................3,500......................5,200
150 മുതൽ 200.............................................................3,900.........................7,000...................10,500
200 മുതൽ 250..............................................................7.800.......................14,000...................21,000
250ന് മുകളിൽ അധികമുള്ള ഓരോ 10 ചതുരശ്ര മീറ്ററിനും.....7800+1560 വീതം..........14,000+3100........21,000+ 3900 വീതം.
350 കോടി
ഒരു വർഷം കിട്ടുന്ന വരുമാനം