'മരിച്ച" ഭാര്യ ഹാജരായി; കോടതിയിൽ നാടകം

Tuesday 05 August 2025 1:37 AM IST

കൊച്ചി: 'തടവിലായ" ഭാര്യയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സ്വദേശി നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവേ ഹൈക്കോടതിയിൽ നാടകീയ രംഗങ്ങൾ. തമിഴ്നാട് വൈദ്യുതി ബോർഡ് റിട്ട. ഉദ്യോഗസ്ഥൻ ജീൻ സിംഗാണ് (63) ഹർജിക്കാരൻ. ഗ്വാളിയർ സ്വദേശി ശ്രദ്ധ ലെനിൻ (42) ഭാര്യയാണെന്നും മരിച്ചതായി പറയപ്പെടുന്നെന്നും ഹർജിക്കാരൻ അറിയിച്ചിരുന്നു.

കോടതിയിൽ പൊലീസ് ഹാജരാക്കിയ ശ്രദ്ധ ലെനിൻ അത് നിഷേധിച്ചു. ഹർജിക്കാരനുമായി വിവാഹബന്ധമില്ലെന്നും സൗഹൃദമാണുണ്ടായിരുന്നതെന്നും അത് തുടരാൻ താത്പര്യമില്ലെന്നും ശ്രദ്ധ പറഞ്ഞു. ഹർജിക്കാരനിൽ നിന്ന് ബ്ലാക് മെയിലിംഗ് ഉണ്ടായതോടെ സൗഹൃദത്തിൽ നിന്ന് ഒഴിവാകാനായാണ് താൻ മരിച്ചെന്ന സന്ദേശവും ശവസംസ്കാരത്തിന്റെ ദൃശ്യങ്ങളും വേറെ ഫോൺ നമ്പറുകളിൽ നിന്ന് അയച്ചുകൊടുത്തതെന്നും വ്യക്തമാക്കി. മാട്രിമോണിയൽ പരസ്യത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.

നിയമപരമായ വിവാഹബന്ധം ഉണ്ടായിട്ടില്ലെന്നും പള്ളിയിൽ വച്ചാണ് താലികെട്ടിയതെന്നും കോടതിയിൽ ഹാജരായ ഹർജിക്കാരനും സമ്മതിച്ചു. തന്റെ രണ്ടു കോടി രൂപ യുവതിയും കൂട്ടരും തട്ടിയെടുത്തത് തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടു. പണം ഹർജിക്കാരൻ സ്വമേധയാ നൽകിയതാണെന്നായിരുന്നു യുവതിയുടെ വാദം. താൻ ആരുടെയും തടങ്കലിൽ അല്ലെന്നും ജീവന് ഭീഷണിയില്ലെന്നും ബോധിപ്പിച്ചു. ഈ വിവരങ്ങൾ രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഹേബിയസ് കോർപ്പസ് ഹർജി തള്ളി. കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും സാമ്പത്തിക വഞ്ചനയടക്കം നടന്നിട്ടുണ്ടെങ്കിൽ ഇരുകൂട്ടർക്കും നിയമപരമായി നീങ്ങാമെന്നും കോടതി വ്യക്തമാക്കി.

 സംസ്‌കാര ദൃശ്യങ്ങൾ ബന്ധുവിന്റേത്

തൃശൂർ സ്വദേശി കെ.എം. ജോസഫ് സ്റ്റീവനും കൂട്ടാളികളും ഭാര്യയെ തടവിലാക്കിയെന്നായിരുന്നു ജീൻ സിംഗിന്റെ ആരോപണം. ഇതിനിടെ ഒരു അഭിഭാഷകന്റെയും കന്യാസ്ത്രീയുടെയും പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന ഫോൺ സന്ദേശങ്ങൾ വന്നു. ശ്രദ്ധ മരിച്ചെന്ന് അറിയിച്ച ഇവർ സംസ്കാര ദൃശ്യങ്ങളും അയച്ചുകൊടുത്തു. ഇത് താൻ തന്നെ നടത്തിയ നാടകമായിരുന്നുവെന്നാണ് യുവതി കോടതിയെ അറിയിച്ചത്. സംസ്കാര ദൃശ്യങ്ങൾ ഒരു ബന്ധുവിന്റേതാണ്. ഹർജി കഴിഞ്ഞ ദിവസം വാദത്തിനെടുത്തതിനു പിന്നാലെ പൊലീസും പ്രോസിക്യൂഷനും ഫോൺ നമ്പറുകൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രദ്ധയെ മരടിലെ താമസസ്ഥലത്തു കണ്ടെത്തിയത്.

ജോസഫ് സ്റ്റീവൻ എന്ന പേര് ലെനിൻ തമ്പി എന്ന് ഹർജിക്കാരൻ മാറ്റിപ്പറഞ്ഞിരുന്നു. പേരിലും വിലാസത്തിലും വ്യക്തതയില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഫാഷൻ ഷോകൾ സംഘടിപ്പിച്ചിരുന്ന തനിക്ക് ജീൻ സിംഗ് സൗഹൃദത്തിന്റെ പേരിൽ പണം നൽകിയതാണെന്നാണ് യുവതി പറയുന്നത്. വ‌ഞ്ചനക്കേസ് കൊടുക്കുമെന്നാണ് ഹർജിക്കാരന്റെ നിലപാട്.