പി.കെ. കാളൻ പുരസ്‌കാരം കുഞ്ഞിരാമ പെരുവണ്ണാന്
തിരുവനന്തപുരം: നാടൻ കലാരംഗത്ത് സമഗ്ര സംഭാവന നൽകിയ വ്യക്തികൾക്ക് സാംസ്‌കാരിക വകുപ്പ് നൽകുന്ന 2023ലെ പി.കെ. കാളൻ പുരസ്‌കാരം പ്രശസ്ത തെയ്യം കലാകാരൻ അതിയടം കുഞ്ഞിരാമപെരുവണ്ണാന് നൽകുമെന്ന സജി ചെറിയാൻ അറിയിച്ചു. കേരള ഫോക് ലോർ അക്കാഡമി ചെയർമാനും ഗദ്ദിക കലാകാരനുമായിരുന്ന പി.കെ. കാളന്റെ സ്മരണാർത്ഥമാണ് ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം നൽകിവരുന്നത്.
കണ്ണൂർ പഴയങ്ങാടി പൊടിക്കളം പറമ്പിൽ വീട്ടിൽ പി.പി. കുഞ്ഞിരാമൻ പെരുവണ്ണാനാണ് അതിയടം കുഞ്ഞിരാമപെരുവണ്ണാൻ എന്നറിയപ്പെടുന്നത്. തെയ്യം എന്ന കലാരൂപത്തിന്റെ ജീവിക്കുന്ന ഇതിഹാസമാണ് ഇദ്ദേഹം. വളരെ ചെറുപ്പത്തിൽ തന്നെ തെയ്യം കെട്ടിയാടാൻ തുടങ്ങിയ ഇദ്ദേഹം 75ാം വയസ്സിലും അത് തുടരുന്നു. വടക്കേ മലബാറിലെ ഒട്ടുമിക്ക തെയ്യങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന അതുല്യ കലാകാരനാണ് അതിയടം കുഞ്ഞിരാമപെരുവണ്ണാൻ. ഡോ. വൈ.വി. കണ്ണൻ അദ്ധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.