ഭാഗം ചെയ്യാത്ത സ്വത്ത്, ആൾതാമസമില്ല, മൃതദേഹം മറവുചെയ്താൽ പുറത്തറിയില്ല

Tuesday 05 August 2025 1:26 AM IST

ആലപ്പുഴ: പൊലീസ് അസ്ഥിക്കഷ്ണങ്ങൾ കണ്ടെടുത്ത സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ പുരയിടം കുടുംബസ്വത്താണ്. ആറ് സഹോദരങ്ങളുണ്ട്. മൂന്ന് ആണും മൂന്നു പെണ്ണും. ഒരു ആണ് മരണപ്പെട്ടു. മറ്റൊരാൾ ന്യുസിലൻഡിലാണ്. സ്ത്രീകൾ വിവാഹിതരും. വീട്ടിൽ ആരും സ്ഥിരതാമസമില്ല. സെബാസ്റ്റ്യനാണ് വല്ലപ്പോഴും വന്ന് പോകുന്നത്. കഴിഞ്ഞ നവംബറിൽ ന്യൂസിലൻസിലുള്ള സഹോദരനും കുടുംബവും അവധിക്ക് ഇവിടെ എത്തിയിരുന്നു. സ്വത്ത് ഭാഗം ചെയ്തിട്ടില്ല.

രണ്ടര ഏക്കറിലുള്ള വീടിന് മുൻ ഭാഗത്ത് (കിഴക്ക് വശത്ത് ) നൂറ് മീറ്റർ അകലത്തിൽ രണ്ട് വീടുകളുണ്ട്. വടക്ക് വശം ചെറിയ റോഡാണ്. ഈ ഭാഗത്ത് ആൾത്താമസമില്ല. തെക്ക്, പടിഞ്ഞാറ് വശങ്ങളിൽ ഏക്കറ് കണക്കിന് പ്രദേശം തുറസ്സായി കിടക്കുകയാണ്. അടുത്തെങ്ങും താമസക്കാരില്ല. ഈ ഭാഗത്താണ് കുഴിയിൽ നിന്നും കുളത്തിൽ നിന്നും അസ്ഥികൾ ലഭിച്ചത്.

അന്വേഷണം ദുർഘടം

രണ്ടര ഏക്കറിലായി കാടുപിടിച്ചു കിടക്കുന്ന പ്രദേശത്താണ് പൊലീസ് അന്വേഷണം നടക്കുന്നത്. ചതുപ്പുകളും വെള്ളക്കെട്ടും കുളങ്ങളും കിണറുകളുമുള്ള പ്രദേശത്ത് തെളിവുകൾക്കായി എത്രനാൾ കുഴിയെടുക്കേണ്ടി വരുമെന്നത് അന്വേഷണസംഘത്തെ വലയ്ക്കുന്നുണ്ട്. സെബാസ്റ്റ്യന്റെ കസ്റ്റഡികാലാവധി നാളെ അവസാനിക്കും. അതിന് മുമ്പ് തെളിവെടുപ്പ് പൂർത്തിയാക്കണം. വീടിനുള്ളിൽ തറപൊളിച്ച് ടൈലിട്ട് ഭാഗം തുരന്ന് പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.