വനിതകൾക്ക് നോർക്കയുടെ ശുഭയാത്രാ വായ്പ

Tuesday 05 August 2025 1:30 AM IST

തിരുവനന്തപുരം:വിദേശത്ത് ജോലിക്ക് പോകുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് നോർക്കയുടെ ശുഭയാത്രാ വായ്പാപദ്ധതി ആരംഭിച്ചു.ഇതനുസരിച്ച് രണ്ടുലക്ഷം രൂപ നാലുശതമാനം പലിശനിരക്കിൽ വായ്പ ലഭിക്കും.മൂന്ന് വർഷം കൊണ്ട് അടച്ചുതീർത്താൽ മതി.ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ നോർക്കയും വനിതാ വികസന കോർപറേഷനും ഇന്നലെ ഒപ്പുവെച്ചു.വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി റോസക്കുട്ടിയുടെ സാന്നിധ്യത്തിൽ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയും വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബിന്ദു വി.സിയും കരാർ കൈമാറി.തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സിൽ നിന്നും ജനറൽ മാനേജർ റ്റി.രശ്മി റിക്രൂട്ട്‌മെന്റ് മാനേജർ പ്രകാശ് പി ജോസഫ്,​ഹോം ഒതന്റിക്കേഷൻ ഓഫീസർ ഷെമീംഖാൻ എസ്.എച്ച് എന്നിവരും വനിതാ വികസന കോർപ്പറേഷൻ പ്രതിനിധികളും സംബന്ധിച്ചു. വിദേശജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ടുളള 18നും 55നും മധ്യേ പ്രായമുളള വനിതകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.സംസ്ഥാനത്തെ വനിതാവികസന കോർപ്പറേഷൻ ഓഫീസുകൾ മുഖേനയും www.norkaroots.kerala.gov.inൽ സന്ദർശിച്ചും അപേക്ഷ നൽകാവുന്നതാണ്. പ്രവാസി നൈപുണ്യ വികസന സഹായ പദ്ധതി,​വിദേശ തൊഴിലിനായുള്ള യാത്രാസഹായ പദ്ധതി എന്നീ ഉപപദ്ധതികൾ ചേർന്നതാണ് നോർക്ക ശുഭയാത്ര.വിദേശത്ത് തൊഴിൽ നേടുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം,വിദേശയാത്രയ്ക്കുള്ള പ്രാരംഭ ചെലവുകൾ എന്നിവയ്ക്കായി പലിശ സബ്സിഡിയോടെ ധനകാര്യസ്ഥാപനങ്ങൾ മുഖേന വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി.