മുങ്ങിയ കപ്പലിലെ എണ്ണ വീണ്ടെടുക്കൽ: ദൗത്യം ആരംഭിക്കാതെ സാൽവേജ് സംഘം
കൊല്ലം: പുറങ്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ 3യിൽ നിന്ന് ഇന്ധനം വീണ്ടെടുക്കാനുള്ള ദൗത്യം കടൽ പ്രക്ഷുബ്ധമായതിനാൽ ഇന്നലെയും ആരംഭിക്കാനായില്ല. ഓഫ് ഷോർ മൊണാർക്ക് എന്ന കപ്പലിൽ വിദഗ്ദ്ധ സംഘം ഇന്നലെ രാവിലെ ഒൻപതോടെ കപ്പൽ മുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് പോയെങ്കിലും വൈകിട്ട് അഞ്ചിന് മടങ്ങിയെത്തി.
കപ്പൽ മുങ്ങിക്കിടക്കുന്ന ഭാഗത്ത് സാൽവേജ് ഓപ്പറേഷനുള്ള ഉപകരണങ്ങളുമായി സതേൺ നോവ എന്ന സിംഗപ്പൂർ കപ്പൽ നങ്കൂരമിട്ടിട്ടുണ്ട്. ഈ കപ്പലിൽ കയറി ആഴക്കടൽ പരിശോധിച്ച ശേഷം കടലിൽ മുങ്ങി ഇന്ധനം വീണ്ടെടുക്കാനാണ് ആലോചന. എന്നാൽ ഞായറാഴ്ചയിലേത് പോലെ ഇന്നലെയും കപ്പലിൽ പ്രവേശിക്കാനായില്ല. ഇനി കടൽ ശാന്തമായ ശേഷമേ വിദഗ്ദ്ധ സംഘം സ്ഥലത്തേക്ക് പോകൂ. അതുവരെ 20 അംഗ സാൽവേജ് ഓപ്പറേഷൻ സംഘം കൊല്ലത്ത് തുടരും. കപ്പൽ മുങ്ങിയ ഭാഗത്ത് കനേറ മേഘ് എന്ന ടഗ് തുടരുന്നുണ്ട്. ഷിപ്പിംഗ് മന്ത്രാലയത്തിൽ നിന്ന് കടുത്ത സമ്മർദ്ദമുള്ളതിനാലാണ് കടൽ പ്രക്ഷുബ്ധമാണെന്ന് അറിഞ്ഞിട്ടും ഇന്നലെയും ശ്രമം തുടർന്നത്.
കപ്പലിൽ നിന്ന് ശേഖരിക്കുന്ന എണ്ണ ടാങ്കുകളിൽ നിറച്ച് കൊല്ലം പോർട്ടിലെത്തിക്കും. മുംബയ് ആസ്ഥാനമായ മെർക്ക് എന്ന സാൽവേജ് ഓപ്പറേഷൻ കമ്പനിയുടെ നേതൃത്വത്തിലാണ് ദൗത്യം. സത്യം ഷിപ്പിംഗ്സ് ആൻഡ് ലോജിസ്റ്റിക്സാണ് കൊല്ലം പോർട്ടിലെ ഏജന്റ്.