ഒരു മരത്തിന് ലഭിച്ചിരുന്നത് 5000 രൂപ വരെ,​ ഇപ്പോൾ പകുതിയായി കുറഞ്ഞു,​ കാരണമിതാണ്

Tuesday 05 August 2025 2:34 AM IST

പത്തനംതിട്ട : കർഷകർക്ക് വലിയ തിരിച്ചടിയായി വില ഇടിഞ്ഞ് റമ്പൂട്ടാൻ വിപണി. കർഷകരിൽ നിന്ന് കച്ചവടക്കാർ കിലോയ്ക്ക് 50 രൂപ മുതൽ 100 രൂപ വരെ നിരക്കിലാണ് റമ്പൂട്ടാൻ വാങ്ങുന്നത്. നിപ്പ കാരണം റമ്പൂട്ടാൻ വാങ്ങാൻ ആളില്ലാതെ വിലയും താഴേക്കുപോയി. വിളവനുസരിച്ച് ഒരു മരത്തിന് 1000 രൂപ മുതൽ 5000 രൂപവരെയാണ് മുമ്പ് കർഷകർക്ക് ലഭിച്ചിരുന്നത്. ഇപ്പോൾ അത് പകുതിയായി കുറഞ്ഞു. മഴ ശക്തമായതുകൊണ്ട് ഇത്തവണ വിളവും കുറഞ്ഞു. റമ്പൂട്ടാൻ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. ചുവപ്പ് നിറത്തിലുള്ള റമ്പൂട്ടാനാണ് കൂടുതൽ ആവശ്യക്കാരുള്ളത്. ഈ ഇനത്തിലുള്ളവയ്ക്ക് വിദേശവിപണിയുമുണ്ട്. തമിഴ്‌നാട്ടിൽ നിന്നും മലബാർ മേഖലയിൽ നിന്നുമുള്ളവരാണ് ജില്ലയിലെ കർഷകരിൽ നിന്ന് റമ്പൂട്ടാൻ ശേഖരിക്കുന്നത്. ജില്ലയിൽ ആയിരക്കണക്കിന് മരങ്ങളാണ് ഇപ്പോൾ പൂത്തുലഞ്ഞ് നിൽക്കുന്നത്.

പഴുത്ത് പാകമാകുന്നതിന് മുൻപ് തന്നെ മരം പാട്ടത്തിനെടുക്കും. വവ്വാലിന്റെ ശല്യമുണ്ടാകാതിരിക്കാൻ മരം വലയിട്ട് മൂടും. പാകമായതിന് ശേഷം വിളവെടുക്കുന്നതാണ് രീതി.

ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് സാധാരണയായി റമ്പൂട്ടാൻ പൂവിടുന്നത്. മേയ് മുതൽ ജൂലായ് മാസം വരെ വിളവെടുപ്പ് നടക്കും.

കർഷകർക്ക് നഷ്ടം

വിപണിയിലെ വിലയിടിവ് റമ്പൂട്ടാൻ കർഷകർക്ക് വലിയ നഷ്ടമാണ് വരുത്തുന്നത്. സംസ്ഥാനത്ത് നിപ്പ റിപ്പോർട്ട് ചെയ്തതും റമ്പൂട്ടാൻ കൃഷി വ്യാപകമായതും വില കുറയാൻ കാരണമായി. വിവിധ പഞ്ചായത്തുകളിൽ തൊഴിലുറപ്പുകാർ തൈകൾ വച്ചുപിടിപ്പിച്ചതോടെ റമ്പൂട്ടാൻ മരങ്ങൾ വ്യാപകമായിട്ടുണ്ട്. ഇവ ഒരേസമയം വിളവെടുപ്പിന് പാകമായതും വിലയിടിവിന് കാരണമായി.

റമ്പൂട്ടാന്റെ വിപണി വില (1കിലോ)

മുൻ വർഷങ്ങളിൽ : 200 - 250 രൂപ

ഇപ്പോഴത്തെ വില : 150 - 200 രൂപ

കർഷകർക്ക് ലഭിക്കുന്നത് : 50 രൂപ

റമ്പൂട്ടാൻ കർഷകർക്ക് ഈ സീസണിൽ വലിയ നേട്ടമില്ല. വിലയിൽ വലിയ ഇടിവുണ്ടായത് കർഷകർക്ക് തിരിച്ചടിയായി. കാലാവസ്ഥയും പ്രതികൂലമായി ബാധിച്ചു.

തുളസീധരൻ നായർ,

വെച്ചൂച്ചിറ, (കർഷകൻ)